പഹൽഗാം (ജമ്മു കശ്മീർ)◾: പഹൽഗാമിൽ ഭീകരാക്രമണം. 27 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. നിരവധി പേർക്ക് പരിക്കേറ്റു. മലയാളികളടക്കമുള്ള വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. സൈനിക വേഷത്തിലെത്തിയ മൂന്ന് ഭീകരർ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനും മൃതദേഹങ്ങൾ ബേസ് ക്യാമ്പിലെത്തിക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. 2019ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരാക്രമണമാണിതെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സൂചിപ്പിച്ചു. മരണസംഖ്യ ഉയർന്നേക്കാമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ലഷ്കർ-ഇ-തൊയ്ബയുടെ പ്രാദേശിക സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീരിലെത്തി.
പഹൽഗാമിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് വാർത്ത അറിഞ്ഞതെന്ന് പ്രദേശത്തുള്ള മലയാളി സെബിൻ പറഞ്ഞു. അങ്ങോട്ട് പോകാൻ സാധിക്കില്ലെന്നാണ് വിവരം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരിച്ച് ശ്രീനഗറിലെത്തിയെന്നും സുരക്ഷിതനാണെന്നും കാഞ്ഞിരപ്പള്ളി സ്വദേശിയായ സെബിൻ വ്യക്തമാക്കി.
പെഹൽഗാമിൽ ധാരാളം മലയാളികളുണ്ടെന്ന് മറ്റൊരു മലയാളി സഞ്ചാരി അഡ്വ. ജിഞ്ചു ജോസും പറഞ്ഞു. ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കും. എൻഐഎ സംഘം നാളെ രാവിലെ സ്ഥലത്ത് പരിശോധന നടത്തും.
മരണസംഖ്യ കണക്കാക്കിവരുന്നതേയുള്ളൂവെന്നും കഴിഞ്ഞ വർഷങ്ങളിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിതെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി വ്യക്തമാക്കി. ഇരുപതിലധികം പേർക്ക് വെടിവെപ്പിൽ പരിക്കേറ്റതായാണ് റിപ്പോർട്ട്.
Story Highlights: 27 people were killed in a terror attack on tourists in Pahalgam, Jammu and Kashmir.