നെഹ്റു ട്രോഫി വള്ളം കളി ഈ മാസം 28-ന് നടത്താൻ തീരുമാനമായി. നെഹ്റു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റിയുടെ എക്‌സിക്യുട്ടീവ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം നടത്തുക. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ നേരത്തെ മാറ്റിവെച്ചിരുന്ന വള്ളം കളി നടത്തണമെന്ന് ആവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി രംഗത്തെത്തിയിരുന്നു.
ഭൂരിപക്ഷ ക്ലബ്ബുകളും 28-ാം തീയതി എന്ന തീരുമാനം അംഗീകരിച്ചിരുന്നു. നെഹ്റു ട്രോഫി വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് ബോട്ട് ക്ലബുകൾ മുഖ്യമന്ത്രിക്ക് നേരത്തെ നിവേദനം നൽകിയിരുന്നു. ടൂറിസം വകുപ്പ് ഒരു കോടി രൂപ നൽകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 24 തീയതിവരെ മറ്റു പ്രാദേശിക വള്ളംകളികളും നടക്കും.
വള്ളം കളി മാറ്റിവെച്ചതിനെതിരെ ജനപ്രതിനിധികൾ പോലും പ്രതികരിക്കാതിരുന്നപ്പോഴാണ് സോഷ്യൽ മീഡിയ വഴി രൂപംകൊണ്ട പ്രതിഷേധം സർക്കാർ തലത്തിൽ വരെ സമ്മർദ്ദം ചെലുത്താൻ സാധിച്ചത്. വള്ളംകളി സംരക്ഷണ സമിതിയെ പ്രതിനിധീകരിച്ച് ഇരുപത്തഞ്ചോളം വള്ളംകളിപ്രേമികൾ ഇന്നലെ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. ഇതെല്ലാം വള്ളംകളി നടത്താനുള്ള തീരുമാനത്തിലേക്ക് നയിച്ചു.
Story Highlights: Nehru Trophy boat race scheduled for 28th of this month after initial postponement