എൻസിപിയിലെ മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് ശരദ് പവാറുമായുള്ള കൂടിക്കാഴ്ച പൂർത്തിയായതായി തോമസ് കെ തോമസ് അറിയിച്ചു. ശരദ് പവാറിന്റെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രകാശ് കാരാട്ടും പങ്കെടുത്തു. എന്നാൽ, മന്ത്രിമാറ്റം സംബന്ധിച്ച് ഇന്ന് ചർച്ച നടന്നില്ലെന്നും നാളെ ഇക്കാര്യം ചർച്ച ചെയ്യുമെന്നും തോമസ് കെ തോമസ് വ്യക്തമാക്കി. പ്രകാശ് കാരാട്ടും ശരദ് പവാറും തമ്മിൽ നടത്തിയ ചർച്ചയിൽ താൻ പങ്കെടുത്തില്ലെന്നും നാളെ നേതാക്കൾ വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി കാര്യങ്ങൾ സംസാരിച്ചതായും തുടർ ചർച്ചകൾ ഉണ്ടാകുമെന്നും തോമസ് കെ തോമസ് വെളിപ്പെടുത്തി. തന്റെ കാര്യങ്ങൾ ശരദ് പവാറിനെ ധരിപ്പിച്ചതായും അനുകൂല പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സ്ഥാനം കിട്ടാൻ നോക്കി നടക്കുന്ന ആളല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി. വല്ലാത്ത അവസ്ഥയിൽ ആയതുകൊണ്ട് ഒരുപാട് നാളായി മാനസികമായി ബുദ്ധിമുട്ടുന്നതിനാലാണ് പവാറിനെ കാണാൻ വന്നതെന്നും പരിഹാരം വേണമെന്നും അദ്ദേഹം പറഞ്ഞു.
കടുത്ത അതൃപ്തിയിലായിരുന്നു തോമസ് കെ തോമസ്. മന്ത്രി സ്ഥാനം സംബന്ധിച്ച ധാരണ പാലിക്കാത്തതിലുള്ള അതൃപ്തി ശരദ് പവാറിനെ അറിയിച്ചിരുന്നു. ശശീന്ദ്രൻ നേതൃത്വത്തിനോട് വഴങ്ങുന്നില്ലെന്നും അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ശശീന്ദ്രൻ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് പി.സി ചാക്കോ ശരദ് പവാറിനെ അറിയിച്ചിരുന്നു. എൻസിപി സംസ്ഥാന ഘടകത്തിൽ തർക്കം രൂക്ഷമായിരിക്കെയാണ് ഇരുവരും ഡൽഹിയിലെത്തി ശരദ് പവാറിനെ കണ്ടത്.
Story Highlights: Thomas K Thomas meets Sharad Pawar to discuss NCP minister change, no immediate decision reached.