സിപിഐഎം ജനറൽ സെക്രട്ടറിയായി എം എ ബേബി നിയമിതനാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. ഇന്ന് രാവിലെ 9 മണിക്ക് ചേരുന്ന നിർണായക കേന്ദ്രകമ്മിറ്റി യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. പാർട്ടിയിലെ ഏറ്റവും ഉന്നത പദവിയിലേക്ക് കേരളത്തിൽ നിന്നുള്ള ഒരു നേതാവ് എത്തുന്നത് ഇ എം എസിന് ശേഷം ഇതാദ്യമാണ്. ബംഗാൾ ഘടകവും അശോക് ധാവ്ളയും എം എ ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നതിനെ എതിർത്തിരുന്നുവെങ്കിലും ഒടുവിൽ പിന്തുണയ്ക്കാൻ തീരുമാനിച്ചു.
പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം എ ബേബിയുടെ പേര് നിർദ്ദേശിക്കപ്പെട്ടത് ഇന്നലെ നടന്ന രണ്ട് മണിക്കൂർ നീണ്ട പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷമാണ്. മുഹമ്മദ് സലീമിനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാൻ കഴിയില്ലെന്നും ദേശീയ പ്രതിഛായയുള്ള ഒരാളാകണം ജനറൽ സെക്രട്ടറി എന്നുമായിരുന്നു ബംഗാൾ ഘടകത്തിന്റെ നിലപാട്. മഹാരാഷ്ട്രയിൽ നിന്നുള്ള മികച്ച സംഘാടകനായ അശോക് ധാവ്ളെയുടെ പേരും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിലുണ്ടായിരുന്നു.
പ്രകാശ് കാരാട്ട് ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ പിബിയിൽ നിന്ന് ഒഴിയും. പ്രായപരിധിയിലെ ഇളവ് കേരള മുഖ്യമന്ത്രി പിണറായി വിജയന് മാത്രം നൽകാനാണ് നിലവിലെ ധാരണ. കേരളത്തിൽ നിന്ന് ടി പി.രാമകൃഷ്ണൻ, ടി.എൻ സീമ, പി.കെ.ബിജു എന്നിവർ പുതിയ കേന്ദ്ര കമ്മിറ്റിയിൽ എത്തിയേക്കും. ദിനേശൻ പുത്തലത്ത്, പി.കെ.സെെനബ, വി.എൻ വാസവൻ, പി.എ.മുഹമ്മദ് റിയാസ്, ജെ മേഴ്സിക്കുട്ടിയമ്മ എന്നിവരെയും കേന്ദ്ര കമ്മിറ്റിയിലേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്.
പൊളിറ്റ് ബ്യൂറോയിലേക്ക് അരുൺ കുമാർ, വിജു കൃഷ്ണൻ, തമിഴ്നാട്ടിൽ നിന്ന് യു വസുകി, ഹേമലത, ശ്രീദിപ് ഭട്ടാചര്യ, ജിതേന്ദ്ര ചൗധരി എന്നിവർ എത്തിയേക്കും. മറിയം ധാവ്ളെ, പി.ഷണ്മുഖം, ഇ.പി ജയരാജൻ, കെ കെ ശൈലജ, എ ആർ സിന്ധു എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. എക്കാലവും കേരള ഘടകത്തിന് വിശ്വസ്തനായിരുന്ന ബി.വി. രാഘവലുവിന്റെ സാധ്യതകളും മങ്ങിയിട്ടില്ലെന്ന് ചില നേതാക്കൾ സൂചിപ്പിക്കുന്നു.
മധുരയിൽ നടക്കുന്ന സിപിഐഎം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും. പുതിയ ജനറൽ സെക്രട്ടറിയുടെ പ്രഖ്യാപനത്തോടെ പാർട്ടിയിൽ പുതിയൊരു അധ്യായത്തിന് തുടക്കമാകും. പുതിയ നേതൃനിരയുടെ കീഴിൽ പാർട്ടി രാജ്യത്ത് കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Highlights: M A Baby is likely to be appointed as the new General Secretary of the CPI(M), marking the first time a leader from Kerala will hold this position since EMS.