കൊച്ചിയിൽ ഒരാഴ്ചയായി നടന്നുകൊണ്ടിരിക്കുന്ന ഫ്ലവർ ഷോ വിവാദത്തിൽ. കൊച്ചി കോർപ്പറേഷൻ സ്റ്റോപ്പ് മെമോ നൽകിയിട്ടും പരിപാടി തുടരുകയാണ്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് ഫ്ലവർ ഷോ സംഘാടകരുടെ പ്രതികരണം. എറണാകുളം ജില്ലാ അഗ്രി-ഹോർട്ടികൾച്ചർ സോസൈറ്റിയുടെ നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന ഫ്ലവർ ഷോ അടിയന്തരമായി നിർത്തിവയ്ക്കണമെന്നാണ് സ്റ്റോപ്പ് മെമോയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പരിപാടിയിൽ എന്തെങ്കിലും അപാകത സംഭവിച്ചാൽ സംഘാടകർക്കും ജിസിഡിഎ അധികൃതർക്കുമായിരിക്കും ഉത്തരവാദിത്തമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. മറൈൻഡ്രൈവിലെ 54,000 ചതുരശ്രയടി വിസ്തൃതിയുള്ള സ്ഥലത്താണ് ഫ്ലവർ ഷോ നടക്കുന്നത്. ദിവസേന നിരവധി സന്ദർശകർ എത്തുന്നുണ്ട്.
ഇന്നലെ ഫ്ലവർ ഷോയുടെ വേദിയിൽ നിന്ന് വീണ് ഒരു വീട്ടമ്മയുടെ കൈ ഒടിഞ്ഞ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു. പരുക്കേറ്റിട്ടും പ്രാഥമിക ശുശ്രൂഷ പോലും ലഭ്യമാക്കാതിരുന്നതായും, സംഘാടകരെ അറിയിച്ചിട്ടും സഹായം ലഭിച്ചില്ലെന്നും പരുക്കേറ്റ ബിന്ദു പറഞ്ഞു. സ്വന്തം നിലയ്ക്ക് വാഹനം ഏർപ്പാടാക്കി ആശുപത്രിയിലെത്തിയ അവർക്ക് കൈയ്ക്ക് ഒടിവുണ്ടെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും കണ്ടെത്തി.
കലൂർ സ്റ്റേഡിയത്തിലെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ, നഗരത്തിൽ നടക്കുന്ന വിവിധ പരിപാടികളുടെ സുരക്ഷാ മാനദണ്ഡങ്ങൾ നഗരസഭ അധികൃതർ വിശകലനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഫ്ലവർ ഷോയുടെ സുരക്ഷയും പരിശോധിച്ചത്. ഇന്നലെ അവസാനിക്കേണ്ടിയിരുന്ന ഫ്ലവർ ഷോ ഇന്നത്തേക്കു കൂടി നീട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് പരിപാടി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
Story Highlights: Kochi Flower Show continues despite stop memo from corporation, raising safety concerns