രഞ്ജി ട്രോഫി ഫൈനലിന്റെ മൂന്നാം ദിനത്തിൽ കേരളത്തിന് കനത്ത തിരിച്ചടി നേരിട്ടു. വിദർഭയ്‌ക്കെതിരെ പൊരുതിക്കളിക്കുന്ന കേരളത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചുകൊണ്ട് ക്യാപ്റ്റൻ സച്ചിൻ ബേബി സെഞ്ചുറിക്കരികെ പുറത്തായി. പാർത്ത് രേഖഡെയുടെ പന്തിൽ ക്യാച്ച് നൽകിയാണ് 98 റൺസെടുത്ത സച്ചിൻ ബേബി മടങ്ങിയത്. മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് സ്‌കോർ 170-ൽ എത്തിയപ്പോൾ മികച്ച രീതിയിൽ ബാറ്റ് ചെയ്ത ആദിത്യ സർവാതെയെ നഷ്ടമായി.
വിദർഭയുടെ ഒന്നാം ഇന്നിങ്സ് സ്കോറിൽ നിന്നും 44 റൺസ് പിന്നിലാണ് നിലവിൽ കേരളം. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 335 റൺസ് എന്ന നിലയിലാണ് കേരളം. സച്ചിൻ ബേബിയുടെ പുറത്താകലോടെ ജലജ് സക്സേനയും ഏഡൻ ടോമുമാണ് ക്രീസിൽ. ഒന്നാം ഇന്നിങ്സിൽ ലീഡ് നേടുക എന്നത് കേരളത്തിന് അത്യാവശ്യമാണ്, കാരണം മത്സരം സമനിലയായാൽ ആദ്യ ഇന്നിങ്‌സിലെ ലീഡ് നേടുന്ന ടീമിനായിരിക്കും ചാമ്പ്യൻപട്ടം.
നാലാം വിക്കറ്റിൽ സർവാതേയും സച്ചിൻ ബേബിയും ചേർന്ന് 152 പന്തിൽ നിന്നും 63 റൺസ് കൂട്ടിച്ചേർത്തു. സച്ചിൻ ബേബിക്കൊപ്പം മുഹമ്മദ് അസ്ഹറുദ്ദീൻ മികച്ച കൂട്ടുകെട്ട് ഉയർത്തിയെങ്കിലും സ്കോർ 278-ൽ എത്തിയപ്പോൾ ദർശൻ നൽകണ്ടെയുടെ പന്തിൽ അസ്ഹറുദ്ദീൻ (34) പുറത്തായി. പിന്നാലെ സൽമാൻ നിസാറിനെ ഹർഷ് ദുബെ എൽബിഡബ്ല്യുവിൽ കുടുക്കി.
Story Highlights: Sachin Baby falls short of a century as Kerala trails Vidarbha by 44 runs on Day 3 of the Ranji Trophy final.