പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ കേസിൽ നിർണായക വഴിത്തിരിവ്. മലപ്പുറത്തെ മഹ്ദീൻ പബ്ലിക് സ്കൂളിലെ പ്യൂൺ അബ്ദുൾ നാസർ ചോദ്യപേപ്പർ ചോർത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. എം എസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിന് വേണ്ടിയാണ് ചോദ്യപേപ്പർ ചോർത്തി നൽകിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പണത്തിന് വേണ്ടിയാണ് അബ്ദുൾ നാസർ ചോദ്യപേപ്പർ ചോർത്തിയതെന്നാണ് പ്രാഥമിക നിഗമനം.
പത്താം ക്ലാസിന്റെയും പ്ലസ് വണ്ണിന്റെയും ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പറുകളാണ് എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിലൂടെ ചോർന്നത്. മലപ്പുറത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അബ്ദുൾ നാസറിനെ ചോദ്യം ചെയ്തു വരികയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ചോദ്യപേപ്പർ ചോർത്തിയത്. ഈ ഫോൺ അന്വേഷണ സംഘം കണ്ടെടുത്തു. എം എസ് സൊല്യൂഷൻസിലെ അധ്യാപകനായ ഫഹദിന് ചോദ്യപേപ്പർ അയച്ചു കൊടുക്കുകയും ഫഹദ് വഴി സിഇഒ ഷുഹൈബിന് എത്തിക്കുകയുമായിരുന്നു ചെയ്തതെന്നും അന്വേഷണത്തിൽ വ്യക്തമായി.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എം എസ് സൊല്യൂഷൻസിലെ സിഇഒ ഷുഹൈബിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. ഷുഹൈബ് ഒളിവിൽ പോയി. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
എം എസ് സൊല്യൂഷൻസിലെ അധ്യാപകരായ ജിഷ്ണു, ഫഹദ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഷുഹൈബ് നൽകിയ ചോദ്യപേപ്പർ യൂട്യൂബിലൂടെ അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് അധ്യാപകരുടെ മൊഴി.
അബ്ദുൾ നാസറിന്റെ അറസ്റ്റോടെ കേസന്വേഷണത്തിൽ നിർണായകമായ വഴിത്തിരിവുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. ചോദ്യപേപ്പർ ചോർച്ചയുടെ സൂത്രധാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
Story Highlights: A peon at Mahdeen Public School in Malappuram has been identified as the source of the leaked Class 10 Christmas exam question paper.