കണ്ണൂർ കൈതപ്രത്ത് നടന്ന കൊലപാതകത്തിൽ പ്രതി സന്തോഷിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. രാധാകൃഷ്ണന്റെ ഭാര്യയുടെ മാതാവിനായി നിർമ്മിക്കുന്ന വീട്ടിലാണ് കൊലപാതകം അരങ്ങേറിയത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ പോസ്റ്റ്മോർട്ടം ഇന്ന് പരിയാരം ഗവ. മെഡിക്കൽ കോളജിൽ നടക്കും. ആക്രമിക്കണമെന്ന ഉദ്ദേശത്തോടെയാണ് തോക്ക് കൈയിൽ കരുതിയതെന്ന് സന്തോഷ് പോലീസിനോട് സമ്മതിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. പ്രതിയായ സന്തോഷ് മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് സ്ഥിരീകരിച്ചു. ഫോണിൽ ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നെന്ന് പോലീസ് കണ്ടെത്തി.
ഇന്നലെ വൈകിട്ട് ആറുമണിക്ക് ശേഷമാണ് ഇരുവരും നിർമാണത്തിലിരിക്കുന്ന വീട്ടിലെത്തിയത്. നെഞ്ചിലേറ്റ ഒരൊറ്റ വെടിയേറ്റാണ് രാധാകൃഷ്ണൻ മരിച്ചത്. പോയിന്റ് ബ്ലാങ്കിൽ നിന്നാണ് വെടിയുതിർത്തതെന്നും പോലീസ് അറിയിച്ചു. സന്തോഷ് നേരത്തെയും നാടൻ തോക്ക് ഉപയോഗിച്ചിരുന്നതായി പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സന്തോഷിന്റെ മൊഴി. തർക്കത്തിനിടെ രാധാകൃഷ്ണന് നേരെ സന്തോഷ് വെടിയുതിർക്കുകയായിരുന്നു. പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
Story Highlights: A man in Kannur was shot dead, and the accused will be questioned today.