കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കസ്റ്റംസ് കമ്മിഷണര്‍ മനീഷ് വിജയ്, അദ്ദേഹത്തിന്റെ അമ്മ, സഹോദരി എന്നിവരാണ് മരിച്ചത്. മനീഷിന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, അമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് സംശയിക്കുന്നു. മൃതദേഹത്തിന് ചുറ്റും പൂക്കള്‍ വിതറിയ നിലയിലും കുടുംബ ഫോട്ടോ അരികില്‍ വച്ച നിലയിലുമാണ് കണ്ടെത്തിയത്.
അമ്മയെ കൊലപ്പെടുത്തിയ ശേഷം മനീഷ് ആത്മഹത്യ ചെയ്തതാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. മൂന്ന് മൃതദേഹങ്ങളും അഴുകിയ നിലയിലാണ് കണ്ടെത്തിയത്. മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. മനീഷിനെ മുന്‍പിലെ മുറിയിലും സഹോദരിയേയും അമ്മയേയും അകത്തെ മുറിയിലുമാണ് കണ്ടെത്തിയത്. മനീഷിന്റേയും സഹോദരിയുടേയും മൃതദേഹങ്ങള്‍ തൂങ്ങിയ നിലയിലായിരുന്നു.
വീട്ടില്‍ നിന്ന് രൂക്ഷഗന്ധം വമിച്ചതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മനീഷിനൊപ്പം അമ്മയും മൂത്ത സഹോദരിയുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. വീട്ടില്‍ മറ്റ് ആളുകള്‍ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അമ്മയുടെ മൃതദേഹത്തില്‍ ബെഡ്ഷീറ്റ് പുതപ്പിച്ച നിലയിലായിരുന്നു. ഇക്കാര്യത്തിലും പൊലീസിന് സംശയമുണ്ട്.
മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാനുണ്ട്.
Story Highlights: Three bodies, including that of a Customs Commissioner, were found in a Kakkanad customs quarters under mysterious circumstances.