എറണാകുളം മുൻ ആർടിഒ ജെയ്സന് ബസ് പെർമിറ്റ് കൈക്കൂലി കേസിൽ ജാമ്യം ലഭിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് രണ്ട് ഏജന്റുമാർക്കും കോടതി ജാമ്യം അനുവദിച്ചു. റിമാൻഡ് കാലാവധി അവസാനിക്കാറായ സാഹചര്യത്തിലാണ് ജാമ്യം.
ബസ് പെർമിറ്റുമായി ബന്ധപ്പെട്ട് കളക്ടറേറ്റിലെ ഓഫീസിൽ വെച്ചാണ് ആർടിഒയെയും ഇടനിലക്കാരെയും വിജിലൻസ് പിടികൂടിയത്. കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ജെയ്സനെ ഗതാഗത വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ഫോർട്ട്കൊച്ചി സ്വദേശി സജേഷ്, രാമപ്പടിയാർ എന്നീ ഏജന്റുമാർ വഴിയാണ് ആർടിഒ പണം വാങ്ങിയിരുന്നതെന്ന് പൊലീസ് റിപ്പോർട്ട്.
വാട്സ്ആപ്പ് കോളുകൾ വഴിയായിരുന്നു ഏജന്റുമാരുടെ ആശയവിനിമയം. ജെയ്സന്റെ ഇടപ്പള്ളി കീർത്തി നഗറിലെ വീട്ടിൽ നിന്ന് 84 ലക്ഷം രൂപയുടെ നിക്ഷേപ രേഖകളും വിജിലൻസ് കണ്ടെടുത്തു. കൈക്കൂലിപ്പണം സൂക്ഷിച്ചിരുന്നതായി സംശയിക്കുന്ന ലോക്കറും സീൽ ചെയ്തു.
വിജിലൻസ് പരിശോധനയിൽ ജെയ്സന്റെ വീട്ടിൽ നിന്ന് 49 കുപ്പി വിദേശ മദ്യവും പിടിച്ചെടുത്തു. അനധികൃത മദ്യം സൂക്ഷിച്ചതിന് എളമക്കര പൊലീസ് അബ്കാരി നിയമപ്രകാരം കേസെടുത്തു. സ്വകാര്യ ബസിന് പെർമിറ്റ് അനുവദിക്കുന്നതിനാണ് കൈക്കൂലി വാങ്ങിയതെന്നാണ് ആരോപണം.
Story Highlights: Former Ernakulam RTO, Jaison, gets bail in the bus permit bribery case.