സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സിൽവർ ജൂബിലി ആഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ടുള്ള ഗാനം ആലപിക്കുന്നത് വിവാദമായി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വാഴ്ത്തുപാട്ട് പാടില്ലെന്ന് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ തീരുമാനിച്ചു. പാട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ ആലപിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി.
മുഖ്യമന്ത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമ്പോൾ നൂറോളം വനിതാ ജീവനക്കാർ ചേർന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ ഗാനാലാപനം നടത്തും. ‘പടയുടെ പടനായകനായി’ എന്ന വരികളോടെ മുഖ്യമന്ത്രിയെ പുകഴ്ത്തി എഴുതിയ ഗാനമാണ് ആലപിക്കാൻ ഉദ്ദേശിച്ചിരുന്നത്. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെക്രട്ടേറിയറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും.
മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള ഗാനം ആലപിക്കുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. വ്യക്തിപൂജയിൽ വിശ്വസിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. കുറ്റപ്പെടുത്തലുകൾക്കും ആരോപണങ്ങൾക്കുമിടയിൽ ഒരു പുകഴ്ത്തൽ വരുമ്പോൾ മാധ്യമങ്ങൾ അസ്വസ്ഥരാകുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. വാഴ്ത്തു പാട്ടുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനത്തിൽ ഉയർന്ന ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. വാഴ്ത്തുപാട്ട് വിവാദമായതിനു പിന്നാലെയാണ് പാട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പാടില്ലെന്ന തീരുമാനം. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് നടക്കുക.
Story Highlights: Controversy sparked over a song praising Chief Minister Pinarayi Vijayan at the Secretariat employees’ silver jubilee celebrations.