ചേന്ദമംഗലം കൂട്ടക്കൊലപാതക്കേസിലെ പ്രതിയെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പോലീസ് പറവൂർ മജിസ്ട്രേറ്റ് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. പേരേപ്പാടം കാട്ടിപ്പറമ്പിലെ വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരെയാണ് പ്രതി റിതു കൊലപ്പെടുത്തിയത്. വിനീഷയുടെ ഭർത്താവ് ജിതിൻ ഗുരുതരമായി പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ പരമാവധി ശിക്ഷ ഉറപ്പാക്കാൻ എല്ലാ ശ്രമവും നടത്തുമെന്ന് ആലുവ റൂറൽ എസ്പി വൈഭവ് സക്സേന ഉറപ്പ് നൽകി.
പ്രതിക്കെതിരെ ശക്തമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും പ്രതിയെ കസ്റ്റഡിയിൽ ലഭിച്ച ഉടൻ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തുമെന്നും പോലീസ് അറിയിച്ചു. മൂന്ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം. റിതുവിന് യാതൊരു മാനസിക പ്രശ്നങ്ങളും ഇല്ലെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. തെളിവെടുപ്പിനിടെ ജനരോഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്നും എസ്പി വൈഭവ് സക്സേന അറിയിച്ചു.
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ഈ ദാരുണ സംഭവം നടന്നത്. അയൽവാസിയായ റിതു, വേണുവിന്റെ വീട്ടിൽ ചെന്ന് കുടുംബാംഗങ്ങളുമായി തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് നാലുപേരുടെയും തലയ്ക്കടിച്ചു. കൃത്യം നിർവഹിച്ച ശേഷം ബൈക്കിൽ കടക്കാൻ ശ്രമിച്ച റിതുവിനെ പോലീസ് പിടികൂടി. റിതു നിരന്തര ശല്യക്കാരനാണെന്നും മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടായിരുന്നെന്നും അയൽവാസികൾ പറഞ്ഞു.
Story Highlights: Three members of a family were killed in Chendamangalam, and the police have filed a custody application for the accused.