പത്തനംതിട്ട ജില്ലയിൽ കൊടുമൺ കണ്ണാടിവയൽ പാറക്കരയിൽ വൻ കഞ്ചാവ് വേട്ട. പശ്ചിമ ബംഗാൾ സ്വദേശിയായ 32 കാരൻ പ്രസൻജിത്ത് ബർമനിൽ നിന്ന് 4.800 കിലോഗ്രാം കഞ്ചാവ് പിടികൂടി. ജില്ലാ പോലീസ് ഡാൻസാഫ് സംഘവും കൊടുമൺ പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. ഇയാളുടെ സുഹൃത്തുക്കളായ കണ്ണൻ ഗണേശൻ, ജിതിൻ, ബിജീഷ് എന്നിവർ ഒളിവിലാണ്.
പാർഗാനസ് സൗത്ത് 24, ഗോസബ തനസർപറ, കമർപറ 84 എന്ന വിലാസത്തിൽ താമസിക്കുന്ന ബിശ്വജിത് ബർമന്റെ മകനാണ് പ്രസൻജിത്ത്. ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്. വിൽപനയ്ക്കായി എത്തിച്ച കഞ്ചാവാണിതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഷെഡിന് മുന്നിൽ നാലുപേർ ഉണ്ടായിരുന്നെങ്കിലും പോലീസിനെ കണ്ട് മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. പ്രസൻജിത്ത് ബർമനെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
ഷെഡിലെ ദിവാൻ കോട്ടിനു മുകളിൽ പ്ലാസ്റ്റിക് കവറിലും ബാഗിലുമായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. രണ്ട് മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. നാല് പാക്കറ്റുകളിലായാണ് 4.800 കിലോഗ്രാം കഞ്ചാവ് പാക്ക് ചെയ്തിരുന്നത്.
ദിവസങ്ങളായി ഈ പ്രദേശം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് നർകോട്ടിക് സെൽ ഡിവൈഎസ്പി ഉമേഷ് കുമാർ പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഡാൻസാഫ് ടീം പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു.
കഞ്ചാവ് എത്തിച്ച് വിവിധ ഭാഗങ്ങളിലേക്ക് കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്. ജില്ലയിൽ ലഹരിവസ്തുക്കളുടെ കടത്തും കച്ചവടവും തടയാൻ ശക്തമായ പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. കൊടുമൺ പോലീസ് ഇൻസ്പെക്ടർ സി. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. എസ് സി പി ഓ മാരായ തോമസ്, അലക്സ്, സി പി ഓ വിഷ്ണു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Story Highlights: Police seized 4.8 kg of cannabis from a West Bengal native in Pathanamthitta.