നെടുമങ്ങാട് ഇഞ്ചിയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസും ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. അപകടത്തിൽപ്പെട്ട ബസിന്റെ പെർമിറ്റും രജിസ്ട്രേഷനും റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചതായും ഗതാഗത വകുപ്പ് അറിയിച്ചു. കാട്ടാക്കട പെരുങ്കടവിളയിൽ നിന്ന് മൂന്നാറിലേക്ക് ഉല്ലാസയാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
ബസിലുണ്ടായിരുന്ന 49 പേരിൽ 44 പേർക്കും പരുക്കേറ്റു. ഒറ്റശ്ശേരിമംഗലം സ്വദേശി അരുൾ ദാസ് എന്ന ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തു. അലക്ഷ്യമായി വാഹനമോടിച്ച് ജീവൻ നഷ്ടപ്പെടുത്തിയതിനെതിരെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
കാവല്ലൂർ സ്വദേശിനി ദാസിനിയാണ് അപകടത്തിൽ മരണപ്പെട്ടത്. ബസിൽ ഒരു വയസ് പ്രായമുള്ള കുട്ടികളടക്കമുള്ളവർ ഉണ്ടായിരുന്നു. അപകടം നടന്ന ഉടൻ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഇന്നലെ രാത്രി 10:15 ഓടെയാണ് നെടുമങ്ങാട് ഇഞ്ചിയത്ത് വെച്ച് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അമിതവേഗത്തിൽ വാഹനം വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ടു മറിഞ്ഞു എന്നാണ് അരുൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ദൃക്\u200cസാക്ഷികൾ ബസ് അമിത വേഗത്തിലായിരുന്നുവെന്ന് പറയുന്നു.
റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയും അപകടത്തിന് കാരണമായെന്ന ആരോപണമുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തി. മിനിറ്റുകൾ കൊണ്ട് ബസിലുള്ള മുഴുവൻ ആളുകളെയും ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചു.
Story Highlights: Tourist bus overturns in Nedumangad, killing one; driver’s license and bus fitness certificate revoked.