ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് നാട്ടുകാർ തടഞ്ഞു. പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ലീല എന്നിവരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. കശുവണ്ടി ശേഖരിക്കാൻ പോകവെയായിരുന്നു ഇരുവർക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
കൊല്ലപ്പെട്ടവരുടെ വീട്ടിലെത്തിയ എം വി ജയരാജൻ അടക്കമുള്ള ഇടത് നേതാക്കളെയും നാട്ടുകാർ തടഞ്ഞു. വീട്ടിലേക്കുള്ള വഴി പ്രതിഷേധക്കാർ കല്ലുകളും മരക്കമ്പുകളും ഉപയോഗിച്ച് തടഞ്ഞു. തങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെ പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
ആറളം ഫാം പുനരധിവാസ മേഖലയാക്കിയതിനു ശേഷം 16 ജീവനുകളാണ് പൊലിഞ്ഞത്. ആന മതിൽ നിർമ്മാണത്തിലെ കാലതാമസമാണ് ജനവാസമേഖലയിലേക്ക് കാട്ടാനകൾ എത്താൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. 37.9 കോടി രൂപ ചെലവിൽ പത്തര കിലോമീറ്റർ ദൂരമാണ് ആന മതിൽ നിർമ്മിക്കേണ്ടത്.
ആംബുലൻസ് വീടിന്റെ പരിസരത്തേക്ക് കടത്തിവിടാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. ആറളം ഫാമിനോട് ചേർന്നുള്ള വനമേഖലയിൽ തീപിടുത്തമുണ്ടായപ്പോൾ, തീയണയ്ക്കാൻ എത്തിയ ഫയർഫോഴ്‌സ് സംഘത്തെ പോലും പ്രതിഷേധക്കാർ തടഞ്ഞു. വീട്ടിലേക്ക് ആരെയും കടത്തിവിടില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
വനം മന്ത്രിയും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ചർച്ച നടത്തി ഉചിതമായ പരിഹാരം കാണുന്നത് വരെ പ്രതിഷേധം തുടരുമെന്ന് നാട്ടുകാർ വ്യക്തമാക്കി. ആദിവാസി ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ഈ പ്രദേശത്ത് നിന്നാണെന്നും രാഷ്ട്രീയ പ്രതിനിധികളുമായി പഞ്ചായത്ത് ഓഫിസിൽ അല്ല ചർച്ചകൾ നടത്തേണ്ടതെന്നും പ്രതിഷേധക്കാർ പറയുന്നു.
കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ദമ്പതികളുടെ മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു. സർക്കാരും വനം വകുപ്പും ജനങ്ങളെ പറ്റിക്കുകയാണെന്നും ജാഗ്രത നിർദ്ദേശവുമായി ആറളം ഫാമിലേക്ക് ആരും വരേണ്ടതില്ലെന്നും നാട്ടുകാർ പറഞ്ഞു. മരം മുറിക്കാനുള്ള തീരുമാനം ഉണ്ടായെങ്കിലും പ്രവൃത്തി മുന്നോട്ട് പോയില്ല.
Story Highlights: Protests erupted in Aralam Farm after a couple was killed in a wild elephant attack, with locals blocking ambulances and officials, demanding solutions to recurring human-wildlife conflict.