കമ്പമലയിലെ കാട്ടുതീയ്ക്ക് പിന്നിൽ മനുഷ്യകരങ്ങളാണെന്ന സംശയം ബലപ്പെട്ടതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഈ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. തീ അണച്ച സ്ഥലങ്ങളിൽ വീണ്ടും തീ പടരുന്നത് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ, വാച്ചർമാരെ നിയോഗിച്ചാണ് നിരീക്ഷണം നടത്തിയത്. തീ പടരുമ്പോൾ ഒരാൾ ഓടി മറയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അന്വേഷണം തുടങ്ങിയത്. തൃശിലേരി മണിയങ്കുന്ന് സ്വദേശി സുധീഷാണ് കാട്ടുതീക്ക് പിന്നിലെന്ന് വനംവകുപ്പ് കണ്ടെത്തി.
സുധീഷിനെ മാനന്തവാടി കോടതിയിൽ ഹാജരാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. കത്തിയമർന്ന വനഭൂമിയുടെ കണക്കെടുക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ പരിശോധനയ്ക്കിടെയാണ് 500 മീറ്റർ ഇടവിട്ട് തീ പടരുന്നത് കണ്ടെത്തിയത്. വീണ്ടും കാട്ടുതീ പടർന്നപ്പോൾ ആരോ മനഃപൂർവ്വം തീയിടുന്നതായി ഉദ്യോഗസ്ഥർക്ക് മനസ്സിലായി. ഈ സമയം സുധീഷ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നത് കണ്ട ഉദ്യോഗസ്ഥർ പിന്തുടർന്നു.
ഉദ്യോഗസ്ഥരെ കണ്ടതും സുധീഷ് കാട്ടിലേക്ക് ഓടി. ആനക്കൂട്ടത്തിന് മുന്നിലെത്തിയിട്ടും ഓട്ടം തുടർന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആനക്കൂട്ടത്തെ കണ്ട് പിന്മാറിയ ഉദ്യോഗസ്ഥർ, സുധീഷ് കാട്ടിൽ നിന്ന് ഇറങ്ങാൻ സാധ്യതയുള്ള സ്ഥലത്ത് കാത്തിരുന്നു. പിന്നീട് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സുധീഷിനെ, കമ്പി വച്ച് വീഴ്ത്തിയാണ് കസ്റ്റഡിയിലെടുത്തത്.
കമ്പമലയിൽ രണ്ടുതവണയായി ഉണ്ടായ കാട്ടുതീ സ്വാഭാവികമല്ലെന്നും മനുഷ്യനിർമ്മിതമാണെന്നും വനംവകുപ്പ് സംശയിച്ചിരുന്നു. മല കത്തിക്കുമെന്ന് സുധീഷ് ഇടയ്ക്കിടെ വാച്ചർമാരോട് പറയുമായിരുന്നുവെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സുധീഷിനെ പ്രേരിപ്പിച്ച മറ്റാരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. സുധീഷിന്റെ പേരിൽ പൊലീസ് കേസുകളുണ്ടെന്നും വിവരമുണ്ട്.
വയനാട് തലപ്പുഴ പിലാക്കാവ് കമ്പമലയിൽ വനത്തിൽ തീയിട്ടയാളെ പിടികൂടി. തൃശിലേരി മണിയങ്കുന്ന് സ്വദേശി സുധീഷാണ് പിടിയിലായത്. കാട്ടുതീയുടെ കാരണം കണ്ടെത്താൻ വനംവകുപ്പ് അന്വേഷണം നടത്തിവരികയായിരുന്നു.
Story Highlights: Man arrested for setting fire to Wayanad’s Kambamala forest.