വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതിയായ അഫാനെ പോലീസ് വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം വീണ്ടും ജയിലിലേക്ക് മാറ്റി. കിളിമാനൂർ പോലീസ് കസ്റ്റഡിയിൽ എടുത്ത അഫാനെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് തെളിവെടുപ്പിനായി കൊണ്ടുപോയത്. അഫാന്റെ ആക്രമണത്തിൽ പരിക്കേറ്റ മാതാവ് ഷെമി ആശുപത്രി വിട്ടു.
പിതൃസഹോദരൻ അബ്ദുൾ ലത്തീഫിനെയും ഭാര്യ സജിത ബീവിയെയും കൊലപ്പെടുത്തിയ ചുള്ളാളം എസ്.എൻ.പുരത്തെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടന്നത്. വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ലത്തീഫിന്റെ മൊബൈൽ ഫോണും കാറിന്റെ താക്കോലും പോലീസ് കണ്ടെടുത്തു. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് കരിയിലകൾക്കിടയിൽ നിന്ന് ഇവ കണ്ടെത്തിയത്.
ലത്തീഫിനോടുള്ള കലി തീരാത്തതിനാലാണ് താക്കോലും ഫോണും എടുത്തെറിഞ്ഞതെന്ന് അഫാൻ പോലീസിനോട് പറഞ്ഞു. അഫാന്റെ പേരുമലയിലുള്ള വീട്, എലിവിഷം വാങ്ങിയ നാഗരുകുഴിയിലെ സ്റ്റേഷനറി കട, കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക വാങ്ങിയ വെഞ്ഞാറമൂട്ടിലെ ഹാർഡ്‌വെയർ കട, ചുറ്റിക ഒളിപ്പിക്കാൻ ബാഗ് വാങ്ങിയ കട എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തി. രണ്ട് ദിവസം മുമ്പാണ് അഫാനെ കിളിമാനൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു. സഹോദരൻ അഫ്സാന്റെയും പെൺസുഹൃത്ത് ഫർസാനയുടെയും കൊലപാതകവുമായി ബന്ധപ്പെട്ട് അഫാനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകും. തെളിവെടുപ്പിനായി കൂടുതൽ സമയം ആവശ്യമാണെന്നാണ് പോലീസിന്റെ വാദം.
Story Highlights: Afan, accused in the Venjaramood murders, was taken to various locations for evidence gathering before being returned to jail.