കോഴിക്കോട് വടകരയിലെ കാർ അപകടത്തിൽ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാന, പത്ത് മാസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കൽ കോളജിന് സമീപമുള്ള വാടക വീട്ടിലേക്കാണ് കുട്ടിയെ മാറ്റിയത്. കുട്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ലെങ്കിലും, സാഹചര്യം മാറുമ്പോൾ ആരോഗ്യവസ്ഥയിലും മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ഡിസ്ചാർജ് നടപടികൾ പൂർത്തിയാക്കിയത്.
അപകടത്തിന് കാരണമായ പുറമേരി സ്വദേശി ഷെജീലിന്റെ വെള്ള കാർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രതിയുടെ ഭാര്യക്കെതിരെയും കേസെടുക്കണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 17 ന് രാത്രി 9 മണിയോടെ ചേറോട് ദേശീയപാതയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ ദൃഷാനയുടെ മുത്തശ്ശി ബേബി മരണപ്പെട്ടിരുന്നു.
അപകടശേഷം ഇരുവരെയും ആശുപത്രിയിൽ എത്തിക്കാതെ പ്രതിയും കുടുംബവും രക്ഷപ്പെട്ടു. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഏറെ ദുഷ്കരമായിരുന്നു. വെള്ള കാറാണെന്ന സൂചന മാത്രമാണ് പൊലീസിന് ലഭിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളോ മറ്റു തെളിവുകളോ ലഭിക്കാത്തത് അന്വേഷണം കൂടുതൽ സങ്കീർണമാക്കി. സ്പെയർപാർട്സ് കടകൾ കേന്ദ്രീകരിച്ചും ഇൻഷുറൻസുമായി ബന്ധപ്പെട്ടും നടത്തിയ വിശദമായ അന്വേഷണത്തിലൂടെയാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്.
Story Highlights: Nine-year-old Drishana, who was in a coma after a car accident in Vadakara, Kozhikode, has been discharged from the hospital after 10 months of treatment.