ഉത്തരാഖണ്ഡ് സർക്കാർ ജനുവരി 26 മുതൽ സംസ്ഥാനത്ത് ഏകീകൃത വ്യക്തിനിയമം നടപ്പിലാക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കിയിരിക്കുകയാണ്. വിവാഹ രജിസ്ട്രേഷൻ, വിവാഹമോചനം, ലിവിങ് ടുഗെദർ രജിസ്ട്രേഷൻ, പിന്തുടർച്ചാവകാശം, പരാതി പരിഹാരം തുടങ്ങിയ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിനായി പ്രത്യേക വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ വെബ്‌സൈറ്റിൽ പൗരന്മാർക്കും, സേവന കേന്ദ്രങ്ങളിലെ ജീവനക്കാർക്കും, ഉദ്യോഗസ്ഥർക്കും പ്രത്യേക ലോഗിൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കുന്നവർക്കും വിവാഹ സർട്ടിഫിക്കറ്റിന് സമാനമായ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നതും ഈ നിയമത്തിന്റെ ഭാഗമാണ്.
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി മൂന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിൽ 14 ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിവരുന്നു. ഈ പരിശീലനം ഈ മാസം 20ന് പൂർത്തിയാകും. പാരമ്പര്യ സ്വത്ത് കൈമാറ്റത്തിന് സാക്ഷികളുടെ ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് സൂക്ഷിക്കണമെന്ന വ്യവസ്ഥയും പുതിയ നിയമത്തിലുണ്ട്. എല്ലാത്തരം രജിസ്ട്രേഷനുകൾക്കും ഫോട്ടോയും ആധാർ കാർഡും നിർബന്ധമാക്കാനും ഏകീകൃത സിവിൽ കോഡിൽ വ്യവസ്ഥയുണ്ട്.
ഏകീകൃത സിവിൽ കോഡ് രാജ്യത്ത് ആദ്യമായി പാസാക്കിയ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഗോവയിൽ നിലവിൽ പിന്തുടരുന്നത് 1867-ലെ പോർച്ചുഗീസ് സിവിൽ കോഡാണ്. ഗോവ നിയമസഭ പുതിയ നിയമം പാസാക്കിയിട്ടില്ല. ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ലിവിങ് ടുഗെദർ രജിസ്റ്റർ ചെയ്യണമെന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾക്ക് എതിരെ വലിയ വിമർശനം ഉയർന്നിരുന്നു.
രണ്ടുപേരുടെ വിവാഹത്തെയോ, ലിവിങ് ടുഗെദർ ബന്ധത്തെയോ എതിർത്ത് മൂന്നാമതൊരാൾക്ക് പരാതി നൽകാനുള്ള സംവിധാനവും പുതിയ നിയമത്തിലുണ്ട്. രാജ്യവ്യാപകമായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് ബിജെപി ആവർത്തിക്കുന്നതിനിടയിലാണ് ഉത്തരാഖണ്ഡ് സർക്കാർ നീക്കങ്ങൾ വേഗത്തിലാക്കിയത്. ജനുവരി 26-ന് നിയമം പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.
Story Highlights: Uttarakhand is set to implement the Uniform Civil Code on January 26, with online services and training programs already in place.