വയനാട് അമരക്കുനിയിൽ കടുവ ഭീതി തുടരുകയാണ്. തുടർച്ചയായ മൂന്നാം ദിവസവും കടുവയുടെ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടു. തൂപ്ര സ്വദേശി ചന്ദ്രൻ പെരുമ്പറമ്പിലിന്റെ ആടിനെയാണ് ഇന്നലെ കടുവ കൊന്നത്. ഒരാഴ്ചയ്ക്കിടെ അഞ്ചാമത്തെ ആടാണ് കടുവയുടെ ഇരയാകുന്നത്. അമരക്കുനിയിലെ കടുവ ഇതുവരെ പിടിച്ചത് മുഴുവൻ ആടുകളെയാണ്.
വനംവകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കടുവയെ കണ്ടെത്തിയാൽ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം. ഡോക്ടർ അരുൺ സക്കറിയയും സംഘവും അമരക്കുനിയിൽ എത്തി ക്യാമ്പ് ചെയ്യുന്നുണ്ട്. വിക്രം, സുരേന്ദ്രൻ എന്നീ കുങ്കിയാനകളെയും കടുവ തിരച്ചിലിനായി മുത്തങ്ങയിൽ നിന്നും എത്തിച്ചിട്ടുണ്ട്.
ചന്ദ്രന്റെ വീടിനോട് ചേർന്ന് കടുവയ്ക്കായി കൂട് സ്ഥാപിക്കും. കഴിഞ്ഞ ദിവസം ആടിനെ കൊന്ന ദേവർഗദ്ധ സ്വദേശി കേശവന്റെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് വീണ്ടും കടുവ ആക്രമണം ഉണ്ടായത്. ഊട്ടി കവല പ്രദേശത്ത് തെർമൽഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്നതിനിടെയാണ് ഇന്നലെ കടുവയുടെ ആക്രമണം.
അനാരോഗ്യം നിമിത്തം ചെറിയ മൃഗങ്ങളെ വേട്ടയാടാൻ കടുവ നിർബന്ധിതമാകുന്നുണ്ടാകാമെന്ന് വനംവകുപ്പ് വിലയിരുത്തുന്നു. അമരക്കുനിയുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് കടുവാ സാന്നിധ്യം. കടുവയെ പിടികൂടാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
Story Highlights: A tiger attacked a goat in Amarakuni, Wayanad, for the third consecutive day, raising concerns among locals.