തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പാത്തോളജി, മൈക്രോബയോളജി ലാബുകളിലേക്ക് പരിശോധനയ്ക്കായി എത്തിച്ച 17 ശരീര സാംപിളുകൾ ആക്രിക്കാരൻ കൈക്കലാക്കിയ സംഭവത്തിൽ പൊലീസ് കേസെടുക്കില്ല. സംഭവത്തിൽ മറ്റ് അട്ടിമറിയൊന്നും ഉണ്ടായിട്ടില്ലെന്നും ലാബിന്റെ പടിക്കെട്ടിൽ അലക്ഷ്യമായി കണ്ട സാംപിൾ ആക്രി സാധനങ്ങൾ എന്ന് കരുതിയാണ് ഇയാൾ കൈക്കലാക്കിയതെന്നും പൊലീസ് വ്യക്തമാക്കി. മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇതര സംസ്ഥാനക്കാരനായ ആക്രിക്കാരനെ വിശദമായി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
പരിശോധനയ്ക്കായി എത്തിച്ച സാംപിളുകൾ ലാബിന്റെ പടിക്കെട്ടിൽ അലക്ഷ്യമായി വെച്ച് മടങ്ങിയ ജീവനക്കാരനെതിരെ മെഡിക്കൽ കോളേജ് അധികൃതർ നടപടി സ്വീകരിച്ചു. ഹൗസ് കീപ്പിങ് വിഭാഗം ഗ്രേഡ് 1 ജീവനക്കാരൻ അജയകുമാറിനെയാണ് അന്വേഷണ വിധേയായി സസ്പെൻഡ് ചെയ്തത്. ആക്രിക്കാരനിൽ നിന്നും കണ്ടെടുത്ത സാംപിളുകൾ പൊലീസ് ലാബിന് തിരികെ നൽകി.
സാംപിളുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും രോഗികൾക്ക് ആശങ്ക വേണ്ടെന്നും ലാബ് അധികൃതർ അറിയിച്ചു. സംഭവത്തിൽ ലാബിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പാത്തോളജി വിഭാഗം മേധാവി ഡോ. ലൈല രാജി പ്രതികരിച്ചിരുന്നു. ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട സാംപിളുകൾ അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും പാത്തോളജി ലാബിലേക്കും മൈക്രോബയോളജി ലാബിലേക്കുമായി പരിശോധനയ്ക്ക് എത്തിച്ച 17 ശരീര സാംപിളുകൾ ആക്രിക്കാരൻ കൈവശപ്പെടുത്തിയത്. സംഭവത്തിൽ ആക്രിക്കാരനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചു. സാംപിളുകൾ ആക്രിക്കാരൻ കൈക്കലാക്കിയ സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
Story Highlights: A scrap dealer took possession of 17 body samples meant for lab testing at Thiruvananthapuram Medical College, but police have decided not to file a case.