ശ്രീശൈലം ഇടത് കനാൽ തുരങ്കത്തിൽ അപകടം: ഏഴ് തൊഴിലാളികൾ കുടുങ്ങി
നാഗർകുർണൂലിലെ ശ്രീശൈലം ഇടത് കനാൽ തുരങ്കത്തിൽ വൻ അപകടം. തുരങ്കത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് ഏഴ് തൊഴിലാളികൾ കുടുങ്ങി. ടണലിനുള്ളിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. തുരങ്കത്തിന്റെ മേൽക്കൂര തകർന്നുവീണതാണ് അപകടകാരണം എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തുരങ്കത്തിനുള്ളിൽ 50 തൊഴിലാളികൾ ജോലി ചെയ്തുവരികയായിരുന്നു. ഇതിൽ 43 പേരെ രക്ഷപ്പെടുത്തി. എന്നാൽ ഏഴ് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ടണലിന്റെ മുഖത്ത് നിന്ന് 14 കിലോമീറ്റർ അകത്തായാണ് അപകടം. രക്ഷാപ്രവർത്തനത്തിനായി രണ്ട് സംഘങ്ങൾ ടണലിനകത്ത് പ്രവേശിച്ചിട്ടുണ്ട്.
ടണലിലെ ചോർച്ച പരിഹരിക്കുന്നതിനിടെയാണ് അപകടം. തുരങ്കത്തിനുള്ളിലെ ആശയവിനിമയ സംവിധാനം തകരാറിലായതിനാൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് കളക്ടർ അറിയിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.
കേന്ദ്ര കൽക്കരി മന്ത്രി ജി കിഷൻ റെഡ്ഡി സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് അദ്ദേഹം അധികൃതരിൽ നിന്ന് വിവരങ്ങൾ തേടി. കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം രക്ഷപ്പെടുത്തണമെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
Story Highlights: Seven workers are trapped after a tunnel collapse in Telangana’s Srisailam Left Bank Canal.