KERALA

ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി
ലഹരിവിരുദ്ധ പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികളെയും യുവജനങ്ങളെയും കേന്ദ്രീകരിച്ചാണ് പ്രധാന കർമ്മ പരിപാടികൾ. സർക്കാർ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സർവ്വ തലങ്ങളിലുമുള്ള ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഗവർണറുടെ വാഹനം അപകടത്തിൽപ്പെട്ടു
കൊട്ടാരക്കരയിൽ വെച്ച് ഗവർണർ രാജേന്ദ്ര അർലേക്കറുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മുന്നിൽ പോയ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.

കൊല്ലം പൂരത്തിൽ ഹെഡ്ഗേവാർ ചിത്രം; കേസെടുത്തു
കൊല്ലം പൂരത്തിനിടെ കുടമാറ്റത്തിൽ ആർ.എസ്.എസ്. നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രം ഉയർത്തിയതിനെതിരെ കേസെടുത്തു. തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപന നിയമപ്രകാരമാണ് കേസ്. യൂത്ത് കോൺഗ്രസും ഡി.വൈ.എഫ്.ഐ.യും പ്രതിഷേധവുമായി രംഗത്തെത്തി.

നിലമ്പൂർ ബൈപ്പാസിന് 154 കോടി രൂപ അനുവദിച്ചു
നിലമ്പൂർ ബൈപ്പാസിന്റെ നിർമ്മാണത്തിന് 154 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി എൻ. ബാലഗോപാൽ അറിയിച്ചു. ജ്യോതിപ്പടി മുതൽ വെളിയംതോട് വരെ രണ്ട് ഘട്ടങ്ങളിലായാണ് ബൈപ്പാസ് നിർമ്മാണം. നിലമ്പൂർ പട്ടണത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആശാ വർക്കേഴ്സ് സമരം: ഹൈക്കോടതി ഇടപെടുന്നില്ല
ആശാ വർക്കേഴ്സിന്റെ സമരവുമായി ബന്ധപ്പെട്ട ഹർജിയിൽ ഹൈക്കോടതി ഇടപെടുന്നില്ല. സമരം ഒത്തുതീർപ്പാക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി നിരസിച്ചു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

മുനമ്പം വിഷയത്തിൽ പ്രതിപക്ഷ നേതാവിനും ബിജെപിക്കുമെതിരെ മന്ത്രി പി. രാജീവ്
മുനമ്പം ഭൂമി പ്രശ്നത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ബിജെപിയെയും മന്ത്രി പി. രാജീവ് രൂക്ഷമായി വിമർശിച്ചു. സംസ്ഥാന സർക്കാർ നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സമരസമിതിക്ക് സർക്കാരിൽ വിശ്വാസമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിൽ ഉഷ്ണതരംഗം രൂക്ഷം: 8 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ ഉഷ്ണതരംഗത്തിന്റെ കാഠിന്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ ഇന്നും നാളെയും പരമാവധി താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. പൊതുജനങ്ങൾക്ക് നിർജലീകരണം, സൂര്യാഘാതം, സൂര്യാതപം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

മുനമ്പം സമരസമിതി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
മുനമ്പം ഭൂമി സമരവുമായി ബന്ധപ്പെട്ട് മുനമ്പം സമര സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഈസ്റ്ററിന് ശേഷം 15 അംഗ സംഘമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പ്രധാനമന്ത്രിയുമായി പങ്കുവെക്കാനാണ് കൂടിക്കാഴ്ച.

സിഎംആർഎൽ-എക്സാലോജിക് കേസ്: കള്ളപ്പണ നിയമപ്രകാരം അന്വേഷണം വേണമെന്ന് ഇഡി
സിഎംആർഎൽ - എക്സാലോജിക് മാസപ്പടി ഇടപാട് കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ഇഡി വിലയിരുത്തൽ. കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിന് ഹൈക്കോടതി സ്റ്റേ നിലവിലുള്ളതിനാൽ നടപടികൾ വൈകും. എസ്എഫ്ഐഒ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഇഡി ഈ നീക്കം നടത്തുന്നത്.

കോട്ടയം: അഭിഭാഷകയും മക്കളും പുഴയിൽ ചാടി മരിച്ച സംഭവം; ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തും
കോട്ടയം നീർക്കാട് അഭിഭാഷക ജിസ്മോളും രണ്ട് മക്കളും പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചു. കുടുംബ പ്രശ്നങ്ങളാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഇനിയും വ്യക്തമല്ല. വിദേശത്തുള്ള ജിസ്മോളുടെ പിതാവും സഹോദരനും നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരം.

മുനമ്പം വിഷയത്തിൽ ബിജെപിയെ വിമർശിച്ച് സിപിഐഎം
മുനമ്പം ഭൂമി പ്രശ്നത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് സിപിഐഎം. കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ വരവോടെ ബിജെപി-ആർഎസ്എസ് നാടകം പൊളിഞ്ഞുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. മുനമ്പം വിഷയത്തിൽ സർക്കാർ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും നിയമപരമായി ഭൂമിയുടെ പ്രശ്നം കൈകാര്യം ചെയ്യുമെന്നും സിപിഐഎം നേതാവ് ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു
ആലപ്പുഴയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. പുളിന്താനത്ത് ശരവണൻ്റെ ഭാര്യ വനജ (52) ആണ് മരിച്ചത്. അയൽവാസികളായ വിജീഷ്, ജയേഷ് എന്നിവർക്കെതിരെ കേസെടുത്തു.