KERALA

കേരളത്തിൽ ഉഷ്ണതരംഗം രൂക്ഷം: 8 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ ഉഷ്ണതരംഗത്തിന്റെ കാഠിന്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ ഇന്നും നാളെയും പരമാവധി താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. പൊതുജനങ്ങൾക്ക് നിർജലീകരണം, സൂര്യാഘാതം, സൂര്യാതപം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

മുനമ്പം സമരസമിതി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
മുനമ്പം ഭൂമി സമരവുമായി ബന്ധപ്പെട്ട് മുനമ്പം സമര സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഈസ്റ്ററിന് ശേഷം 15 അംഗ സംഘമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പ്രധാനമന്ത്രിയുമായി പങ്കുവെക്കാനാണ് കൂടിക്കാഴ്ച.

സിഎംആർഎൽ-എക്സാലോജിക് കേസ്: കള്ളപ്പണ നിയമപ്രകാരം അന്വേഷണം വേണമെന്ന് ഇഡി
സിഎംആർഎൽ - എക്സാലോജിക് മാസപ്പടി ഇടപാട് കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ഇഡി വിലയിരുത്തൽ. കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിന് ഹൈക്കോടതി സ്റ്റേ നിലവിലുള്ളതിനാൽ നടപടികൾ വൈകും. എസ്എഫ്ഐഒ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഇഡി ഈ നീക്കം നടത്തുന്നത്.

കോട്ടയം: അഭിഭാഷകയും മക്കളും പുഴയിൽ ചാടി മരിച്ച സംഭവം; ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തും
കോട്ടയം നീർക്കാട് അഭിഭാഷക ജിസ്മോളും രണ്ട് മക്കളും പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചു. കുടുംബ പ്രശ്നങ്ങളാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഇനിയും വ്യക്തമല്ല. വിദേശത്തുള്ള ജിസ്മോളുടെ പിതാവും സഹോദരനും നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരം.

മുനമ്പം വിഷയത്തിൽ ബിജെപിയെ വിമർശിച്ച് സിപിഐഎം
മുനമ്പം ഭൂമി പ്രശ്നത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് സിപിഐഎം. കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ വരവോടെ ബിജെപി-ആർഎസ്എസ് നാടകം പൊളിഞ്ഞുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. മുനമ്പം വിഷയത്തിൽ സർക്കാർ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും നിയമപരമായി ഭൂമിയുടെ പ്രശ്നം കൈകാര്യം ചെയ്യുമെന്നും സിപിഐഎം നേതാവ് ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു
ആലപ്പുഴയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. പുളിന്താനത്ത് ശരവണൻ്റെ ഭാര്യ വനജ (52) ആണ് മരിച്ചത്. അയൽവാസികളായ വിജീഷ്, ജയേഷ് എന്നിവർക്കെതിരെ കേസെടുത്തു.

മുതലപ്പൊഴി പ്രതിസന്ധി: മന്ത്രിതല ചർച്ച ഇന്ന്
മുതലപ്പൊഴിയിലെ മണൽ അടിഞ്ഞുകൂടുന്ന പ്രശ്നത്തിൽ മന്ത്രിതല ചർച്ച ഇന്ന്. ഫിഷറീസ് മന്ത്രി സജി ചെറിയാനും മത്സ്യത്തൊഴിലാളികളും തമ്മിൽ ഉച്ചയ്ക്ക് 2.30-ന് ചർച്ച നടക്കും. ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് മത്സ്യത്തൊഴിലാളികൾ അറിയിച്ചു.

കൊല്ലം പൂരത്തിലെ കുടമാറ്റത്തിൽ ഹെഡ്ഗേവാറിന്റെ ചിത്രം; വിവാദം
കൊല്ലം പൂരത്തിനിടെ പുതിയകാവ് ക്ഷേത്രത്തിലെ കുടമാറ്റത്തിൽ ആർ.എസ്.എസ്. നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രം പ്രദർശിപ്പിച്ചത് വിവാദമായി. നവോത്ഥാന നായകന്മാരുടെ ചിത്രങ്ങൾക്കൊപ്പമാണ് ഹെഡ്ഗേവാറിന്റെ ചിത്രവും ഉയർത്തിയത്. യൂത്ത് കോൺഗ്രസ് പരാതി നൽകി.

എഡിജിപി എം.ആർ. അജിത് കുമാറിന് ക്ലീൻ ചിറ്റ്: വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു
എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ വിജിലൻസ് ക്ലീൻ ചിറ്റ് നൽകി. മുൻ എംഎൽഎ പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളാണ് അന്വേഷിച്ചത്. റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു.

കുസാറ്റിൽ കായിക താരങ്ങൾക്ക് സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ 2025-26 അധ്യയന വർഷത്തെ വിവിധ കോഴ്സുകളിലേക്ക് കായിക താരങ്ങൾക്ക് സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം. ഏപ്രിൽ 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് പ്രോസ്പെക്ടസ് പരിശോധിക്കുക.

വഖഫ് നിയമ ഭേദഗതി: കേന്ദ്രം പച്ചക്കള്ളം പ്രചരിപ്പിക്കുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
വഖഫ് നിയമ ഭേദഗതിയെച്ചൊല്ലി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി കെ കുഞ്ഞാലിക്കുട്ടി. മുനമ്പത്തെ ജനങ്ങളെ കേന്ദ്രം വഞ്ചിച്ചുവെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. നിയമ ഭേദഗതിക്കെതിരെ നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യം ആവശ്യമെന്ന് കാന്തപുരം
ലഹരി ഉപയോഗത്തിനെതിരെ എല്ലാ മതനേതാക്കളും ഒറ്റക്കെട്ടായി പ്രചാരണം നടത്തണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു. ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ട് രാജ്യത്തിന്റെ നല്ലപേര് സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം തടയുന്നതിന് ബോധവൽക്കരണം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.