Kerala News

സംസ്ഥാനത്ത് ശ്രീശന് ഫാര്മസ്യൂട്ടിക്കല്സിന്റെ എല്ലാ മരുന്നുകളും നിരോധിച്ചു
ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങള് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സംസ്ഥാനത്ത് ശ്രീശന് ഫാര്മസ്യൂട്ടിക്കല്സിന്റെ എല്ലാ മരുന്നുകളും നിരോധിച്ചു. കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലുമായി കുട്ടികൾ മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത പാലിക്കുകയാണ്. നിലവിൽ സംസ്ഥാനത്ത് മരുന്ന് വിതരണം നിര്ത്തിവയ്ക്കാന് ആരോഗ്യ മന്ത്രി അറിയിച്ചു.

തൃശ്ശൂരിൽ ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് ട്രെയിനിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു
തൃശ്ശൂരിൽ ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ യുവാവിന് ആംബുലൻസ് കിട്ടാൻ വൈകിയതിനെ തുടർന്ന് ദാരുണാന്ത്യം. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്താണ് മരിച്ചത്. മുളങ്കുന്നത്ത്കാവ് റെയിൽവേ സ്റ്റേഷനിൽ ഇറക്കിയ ശേഷം അരമണിക്കൂറോളം ആംബുലൻസിനായി കാത്തിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊച്ചി-ധനുഷ്കോടി ദേശീയപാത: നിർമ്മാണ വിലക്ക് നീക്കാൻ സർക്കാർ ഖേദപ്രകടനം നടത്തി പുതിയ സത്യവാങ്മൂലം സമർപ്പിച്ചു
കൊച്ചി-ധനുഷ്കോടി ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. നേരത്തെ നൽകിയ സത്യവാങ്മൂലം തെറ്റായിരുന്നെന്ന് സമ്മതിച്ച സർക്കാർ കോടതിയിൽ ഖേദം പ്രകടിപ്പിച്ചു. റോഡിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള വിവരങ്ങളിലാണ് സർക്കാർ ഇപ്പോൾ തിരുത്തൽ വരുത്തിയിരിക്കുന്നത്.

സമസ്തയുടെ ഭൂമിയിലെ മരംമുറി: വിശദമായ അന്വേഷണത്തിന് ഉത്തരവ്
സമസ്തയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മരങ്ങൾ മുറിച്ചുമാറ്റിയ സംഭവത്തിൽ സമസ്ത ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് അന്വേഷണം ആരംഭിച്ചു. അട്ടപ്പാടിയിലെ അഞ്ചര ഏക്കർ സ്ഥലത്തുനിന്നാണ് തേക്ക്, വീട്ടി തുടങ്ങിയ വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചു കടത്തിയത്. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

അർജന്റീനയുടെ കൊച്ചിയിലെ മത്സരം; ഒരുക്കങ്ങൾ വിലയിരുത്തി മുഖ്യമന്ത്രിയുടെ യോഗം
അർജന്റീന ഫുട്ബോൾ ടീമിന്റെ മത്സരത്തിനായുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. നവംബറിൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനെ നിയമിക്കും.

ദ്വാരപാലകശിൽപത്തിലെ സ്വർണം കുറഞ്ഞെങ്കിൽ മറുപടി പറയേണ്ടത് കമ്മീഷണർ: എ. പത്മകുമാർ
ദ്വാരപാലക ശിൽപത്തിലെ സ്വർണം കുറഞ്ഞതുമായി ബന്ധപ്പെട്ട് തിരുവാഭരണ കമ്മീഷണർ മറുപടി പറയണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ. ശബരിമലയിൽ ഇനിയും പല കാര്യങ്ങളിലും വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അതും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വർണ്ണപ്പാളി വിവാദം: തെറ്റുകാരെ ശിക്ഷിക്കണം; ജി. സുകുമാരൻ നായർ
സ്വർണ്ണപ്പാളി വിവാദത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രതികരിച്ചു. തെറ്റ് ചെയ്തവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭഗവാന്റെ മുതൽ തിരിച്ചെടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭിന്നശേഷി സംവരണത്തിൽ ഉടൻ പരിഹാരം; മുഖ്യമന്ത്രിയുടെ ഉറപ്പ്
എയ്ഡഡ് മേഖലയിലെ ഭിന്നശേഷി സംവരണ വിഷയത്തിൽ കെസിബിസി അധ്യക്ഷൻ മാർ ക്ലീമിസ് ബാവ മുഖ്യമന്ത്രിയെ സന്ദർശിച്ചു. നിയമോപദേശം തേടി ഉടൻ പരിഹാരം കാണാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുമായി നാളെ കൂടിക്കാഴ്ച നടത്തും.



