തമിഴ് സിനിമയിലെ സൂപ്പർതാരവും രാഷ്ട്രീയ നേതാവുമായ വിജയ്‌ക്കൊപ്പമുള്ള രസകരമായ അനുഭവങ്ങൾ നടൻ ശ്രീകാന്ത് പങ്കുവച്ചു. കഴിഞ്ഞ 20 വർഷത്തിലധികമായി തമിഴ് സിനിമയിൽ നിറഞ്ഞുനിൽക്കുന്ന ശ്രീകാന്ത്, സൂപ്പർ ഹിറ്റ് ബോളിവുഡ് സിനിമ ‘ത്രീ ഇഡിയറ്റ്സി’ന്റെ തമിഴ് റീമേക്കായ ‘നൻബ’ന്റെ സെറ്റിലുണ്ടായ അനുഭവങ്ങളാണ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
ശങ്കർ സംവിധാനം ചെയ്ത ‘നൻബനി’ൽ വിജയ് ആയിരുന്നു നായകൻ. ചിത്രത്തിൽ ഏറ്റവും ഒടുവിൽ ജോയിൻ ചെയ്തത് താനായിരുന്നെന്നും അത്രയും വലിയ പ്രൊജക്ടിൽ ഭാഗമാകുന്നതിന്റെ എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നെന്നും ശ്രീകാന്ത് പറഞ്ഞു. എന്നാൽ താൻ സെറ്റിലെത്തിയ ദിവസം വിജയ് എന്തോ കാര്യത്തിൽ പിണങ്ങി ദേഷ്യപ്പെട്ട് പോകുന്നതാണ് കണ്ടത്. വിജയ്യുടെ ഹെയർസ്റ്റൈൽ കാരണം ശങ്കറും അദ്ദേഹവും തമ്മിൽ എന്തോ പിണക്കമുണ്ടായതുകൊണ്ടാണ് വിജയ് പിണങ്ങിപ്പോയതെന്ന് പിന്നീട് അറിയാൻ കഴിഞ്ഞു.
വിജയ്ക്ക് പകരം മഹേഷ് ബാബുവിനെയോ സൂര്യയെയോ കൊണ്ടുവരാൻ ശങ്കർ പ്ലാൻ ചെയ്തെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. ഈ പ്രൊജക്ടിന് വേണ്ടി താൻ നാല് സിനിമകൾ വേണ്ടെന്ന് വച്ചിരുന്നെന്നും ‘നൻബൻ’ നടക്കാതെ പോയാൽ തനിക്ക് വലിയ നഷ്ടമാകുമായിരുന്നെന്നും ശ്രീകാന്ത് വെളിപ്പെടുത്തി. എന്നാൽ സൂര്യയെയോ മഹേഷ് ബാബുവിനെയോ കാസ്റ്റ് ചെയ്യാനാകാതെ വന്നു. പിന്നീട് പ്രശ്നം പരിഹരിക്കുകയും അതേ കാസ്റ്റിൽ പടം പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് ‘നൻബൻ’ വിജയിയുടെ കരിയറിലെ ഏറ്റവും ഹിറ്റ് പടങ്ങളിൽ ഒന്നായി മാറി.
Story Highlights: Actor Srikanth shares interesting experiences with Vijay during the filming of ‘Nanban’, the Tamil remake of ‘3 Idiots’.