ലഹരി വിരുദ്ധ സന്ദേശവുമായി ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ നയിക്കുന്ന SKN 40 ജനകീയ യാത്രയ്ക്ക് കവടിയാറിൽ തുടക്കമായി. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഏപ്രിൽ 26ന് സമാപിക്കുന്ന ഈ ഒരു മാസത്തെ യാത്ര 14 ജില്ലകളിലൂടെ കടന്നുപോകും. രണ്ട് ഘട്ടങ്ങളിലായാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ലഹരിയ്ക്കും അക്രമത്തിനുമെതിരെ ശക്തമായ സന്ദേശം നൽകുക എന്നതാണ് യാത്രയുടെ ലക്ഷ്യം. സിന്തറ്റിക് ലഹരി ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗവും അക്രമങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ വിപത്തിനെതിരെ പൊരുതേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ട്വന്റിഫോർ ചൂണ്ടിക്കാട്ടുന്നു. ഈ ജനകീയ സംവാദത്തിലൂടെ സമൂഹത്തിന്റെ എല്ലാ തട്ടുകളിലേക്കും ലഹരി വിരുദ്ധ സന്ദേശം എത്തിക്കാനാണ് SKN40 ലക്ഷ്യമിടുന്നത്.
കവടിയാറിൽ നിന്നും വാഹനറാലിയോടെയാണ് യാത്ര ആരംഭിച്ചത്. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വൈകിട്ട് ആറ് മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരും സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഗായിക സിത്താര കൃഷ്ണകുമാറിന്റെ ബാൻഡായ പ്രൊജക്ട് മലബാറിക്കസ് ഉദ്ഘാടന ചടങ്ങിന് മിഴിവേകി.
സമൂഹത്തെ ഗ്രസിക്കുന്ന പ്രശ്നങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളിലെ ആളുകളുമായി നേരിട്ട് സംവദിക്കുന്നതിനാണ് SKN40 റോഡ് ഷോ ഊന്നൽ നൽകുന്നത്. യുവാക്കളെ കുടുക്കുന്ന അദൃശ്യ ലഹരിവലയത്തിന്റെ കണ്ണികൾ കണ്ടെത്താനും നാടിനെ വിറപ്പിക്കുന്ന അക്രമങ്ങൾക്ക് തടയിടാനും ക്രിയാത്മക ചർച്ചകൾ റോഡ് ഷോയുടെ ഭാഗമായി സംഘടിപ്പിക്കും.
ലഹരിയിൽ നിന്ന് കുട്ടികളെ മോചിപ്പിക്കുന്നതിനായി മാതാപിതാക്കളെ അണിനിരത്തി കർമ്മപരിപാടികൾ ആവിഷ്കരിക്കുന്നതിനും ഈ യാത്ര വഴിയൊരുക്കും. ഈ ഉദ്യമത്തിൽ പൊതുജനങ്ങൾക്കും പങ്കുചേരാനും ആർ. ശ്രീകണ്ഠൻ നായരുമായി ആശയങ്ങൾ പങ്കുവയ്ക്കാനും അവസരമുണ്ട്.
**Story Highlights :** SKN 40 campaign started from trivandrum
Story Highlights: Twentyfour Chief Editor R. Sreekandan Nair leads the SKN 40 public tour with an anti-drug message.