സെയ്ഫ് അലി ഖാന്റെ ജീവൻ രക്ഷിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണയെ നടൻ ചേർത്ത് പിടിച്ചാനുഗ്രഹിച്ചു. ജനുവരി 16ന് ബാന്ദ്രയിലെ വീട്ടിൽ മോഷണശ്രമത്തിനിടെയാണ് സെയ്ഫ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സെയ്ഫിനെ റാണയാണ് ആശുപത്രിയിലെത്തിച്ചത്. സെയ്ഫിന്റെ അമ്മ ഷർമിള ടാഗോറും റാണയെ നന്ദി പറഞ്ഞു അനുഗ്രഹിച്ചു.
ലീലാവതി ആശുപത്രിയിൽ നിന്ന് ചൊവ്വാഴ്ച ഡിസ്ചാർജ് ചെയ്യുന്നതിന് മുൻപ് സെയ്ഫ് റാണയെ കണ്ടുമുട്ടി. അഞ്ച് മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയിൽ സെയ്ഫ് റാണയെ കെട്ടിപ്പിടിച്ചാണ് സ്നേഹം പ്രകടിപ്പിച്ചത്. ആശുപത്രിയിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ അന്നത്തെ സംഭവം സിനിമയിലെന്ന പോലെയാണ് മാറിമറിഞ്ഞതെന്ന് റാണ മാധ്യമങ്ങളോട് പറഞ്ഞു.
വെളുപ്പിന് ഇത് വഴി പോകുമ്പോൾ ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടാണ് റാണ ഓട്ടോറിക്ഷ നിർത്തിയത്. സാധാരണ അടിപിടി കേസ് ആണെന്നാണ് ആദ്യം കരുതിയത്. എന്നാൽ പിന്നീടാണ് സെയ്ഫും മകനും ഓട്ടോറിക്ഷയിൽ കയറിയത്. അപ്പോഴൊന്നും സെയ്ഫിനെ തിരിച്ചറിഞ്ഞിരുന്നില്ലെന്നും റാണ പറഞ്ഞു.
രക്തത്തിൽ കുളിച്ചു നിന്നിരുന്ന സെയ്ഫ് ഓട്ടോറിക്ഷയിൽ കയറിയ ഉടനെ ചോദിച്ചത് “കിറ്റ്ന ടൈം ലഗേഗാ (എത്ര സമയമെടുക്കും)” എന്നായിരുന്നുവെന്ന് റാണ ഓർത്തെടുത്തു. ലീലാവതി ആശുപത്രിയിലേക്ക് പോകാൻ ആവശ്യപ്പെട്ടതിന് ശേഷമായിരുന്നു നടന്റെ ചോദ്യം. സെയ്ഫിന്റെ കുർത്തയിലും പൈജാമയിലും ഒലിച്ചിറങ്ങുന്ന ചോരപ്പാടുകൾ ഭയപ്പെടുത്തുന്ന കാഴ്ചയായിരുന്നുവെന്നും റാണ പറഞ്ഞു.
പത്ത് മിനിറ്റുനിള്ളിൽ റിക്ഷ ആശുപത്രിയിലെത്തി. സെയ്ഫ് സ്വന്തമായി ഇറങ്ങിയാണ് ആശുപത്രിയിലേക്ക് നടന്നു കയറിയത്. കഴുത്തിൽ നിന്നും മുതുകിൽ നിന്നും ചോര വരുന്നുണ്ടായിരുന്നുവെന്നും ഒരുപാട് ചോര പോയിരുന്നുവെന്നും റാണ പറഞ്ഞു. ആ സമയത്ത് സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഡ്രൈവർ കൂട്ടിച്ചേർത്തു.
നടനിൽ നിന്ന് യാത്രാക്കൂലി പോലും വാങ്ങാതെയാണ് മടങ്ങിയതെന്നും ആശുപത്രിയിലെത്തിയപ്പോഴാണ് മറ്റുള്ളവരോടൊപ്പം നടനെ തിരിച്ചറിഞ്ഞതെന്നും റാണ പറഞ്ഞു. ആക്രമണത്തിന് ശേഷം, പുലർച്ചെ 2.30 ന് ഓട്ടോറിക്ഷയിൽ ലീലാവതി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് സെയ്ഫിന്റെ കുടുംബം ഓട്ടോ ഡ്രൈവർക്ക് 11000 രൂപ പാരിതോഷികമായി നൽകി. ആറ് തവണയാണ് പ്രതി സെയ്ഫിനെ കുത്തിയത്.
Story Highlights: Saif Ali Khan embraced and thanked the auto driver who saved his life after a robbery attempt.