ചോദ്യപേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ശുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കോടതി പ്രോസിക്യൂഷനോട് കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് സമർപ്പിച്ച അധിക റിപ്പോർട്ടിൽ സംഘടിത ഗൂഢാലോചന എന്ന കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ഇത് മറ്റൊരു ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ജോലി ചെയ്യുന്ന അധ്യാപകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
ക്രിസ്മസ് പരീക്ഷകൾക്കായി തയ്യാറെടുത്തു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളിലേക്ക് ‘predicted questions’ എന്ന പേരിൽ അടുത്ത ദിവസത്തെ പരീക്ഷ ചോദ്യങ്ങൾ എത്തിയതാണ് വിവാദമായത്. 40 മാർക്കിന്റെ പരീക്ഷയിലെ 36 മാർക്കിന്റെ ചോദ്യങ്ങളും ഓൺലൈൻ പ്ലാറ്റ്‌ഫോമിലെ ട്യൂട്ടർ പ്രവചിക്കുകയായിരുന്നു. പത്താം ക്ലാസിലെ ഇംഗ്ലീഷ് ചോദ്യപേപ്പറിലും പ്ലസ് വണ്ണിലെ കെമിസ്ട്രി ചോദ്യപേപ്പറിലുമാണ് ഇത്തരത്തിൽ വലിയ സാദൃശ്യം വന്നത്.
എം എസ് സൊല്യൂഷന്റേത് കൂടാതെ മറ്റു സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. എന്നാൽ, പത്താം ക്ലാസ് ക്രിസ്മസ് ചോദ്യപേപ്പർ ചോർത്തിയതിന് പിന്നിൽ എം എസ് സൊല്യൂഷൻസ് മാത്രമാണെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഇ സുനിൽകുമാറിന്റെ നേതൃത്വത്തിൽ ശുഹൈബിന്റെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു.
ഓൺലൈൻ ട്യൂട്ടോറിയൽ രംഗത്ത് നിലനിൽക്കുന്ന കടുത്ത മത്സരത്തിന്റെ തെളിവുകളാണ് ഈ വിവാദത്തിലൂടെ കൂടുതലായി പുറത്തുവരുന്നത്. കോവിഡ് കാലത്ത് വിക്‌റ്റേസ് ആണ് കുട്ടികളെ ആദ്യമായി ഓൺലൈൻ പഠനമുറികളിലേക്ക് എത്തിച്ചത്. എന്നാൽ ലോക്ഡൗൺ കഴിഞ്ഞതോടെ സ്‌കൂൾ തുറക്കുകയും വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ ക്ലാസുകളിൽ നിന്നും പിൻവാങ്ങുകയും ചെയ്തു.
ഈ ശൂന്യതയിലേക്കാണ് സ്വകാര്യ ഓൺലൈൻ ട്യൂഷൻ സെന്ററുകൾ എത്തുന്നത്. ഇവർ തമ്മിലുള്ള മത്സരം വിദ്യാഭ്യാസ പ്രക്രിയയെയും കൂടുതൽ മത്സരാധിഷ്ഠിതമാക്കി മാറ്റി. സ്‌കൂൾ അധ്യാപകർക്ക് പോർഷൻസ് തീർക്കാനുള്ള സമ്മർദ്ദവും മറ്റു ചുമതലകളും കാരണം എല്ലാം പഠിപ്പിച്ചു തീർക്കുക എന്നത് പ്രയാസമായി തീരുന്നു. ഇത് കുട്ടികളെ സാരമായി ബാധിക്കുന്നതായി വിദ്യാർത്ഥികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന ഈ പ്രതിസന്ധിയെ മുതലെടുത്തുകൊണ്ടാണ് സ്വകാര്യ ലേർണിംഗ് പ്ലാറ്റുഫോമുകൾ വളരുന്നത്. എന്നാൽ, ഓൺലൈൻ ട്യൂഷൻ സെന്ററുകൾ പറയുന്ന predicted question മാത്രം ആശ്രയിച്ച് മുന്നോട് പോകുന്ന കുട്ടികൾ പിന്നീട് അവർ ജീവിതത്തിൽ നേരിടുന്ന മത്സര പരീക്ഷകളിൽ പരാജയപ്പെട്ടേക്കാം. ഓൺലൈൻ ട്യൂഷൻ സെന്ററുകൾ ഒരിക്കലും സ്ഥായിയായി ആശ്രയിക്കാവുന്ന സംവിധാനമല്ലെന്നും, അത് കുട്ടികളെ കിട്ടാനും ലാഭം നേടാനുമുള്ള ഒരു ബിസിനസ് തന്ത്രം മാത്രമാണെന്നും വിക്ടേഴ്‌സ് അധ്യാപകൻ ഷാനോജ് അഭിപ്രായപ്പെടുന്നു.
ഓൺലൈൻ ട്യൂഷൻ രംഗത്തെ ഈ പ്രതിസന്ധി പരിഹരിക്കാൻ വിദ്യാഭ്യാസ വകുപ്പ് അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. കുട്ടികളുടെ സമഗ്ര വികസനത്തിന് ഊന്നൽ നൽകുന്ന പാഠ്യപദ്ധതി പരിഷ്കരണവും, അധ്യാപകർക്ക് കൂടുതൽ പരിശീലനവും നൽകേണ്ടതുണ്ട്. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിലൂടെ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയൂ.
Story Highlights: Question paper leak case involving MS Solutions CEO Muhammad Shuhaib under investigation