പി.വി. അൻവറിനെതിരെ പി. ശശി നാലാമത്തെ വക്കീൽ നോട്ടീസ് അയച്ചു. വി.ഡി. സതീശനെതിരായ അഴിമതി ആരോപണം ഉന്നയിക്കാൻ ആവശ്യപ്പെട്ടത് ശശിയാണെന്ന അൻവറിന്റെ പരാമർശത്തിലാണ് നടപടി. യു.ഡി.എഫ് പ്രവേശനത്തിനായി പി.വി അൻവർ മാപ്പപേക്ഷ തയ്യാറാക്കി നിൽക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പരിഹസിച്ചു.
പി. ശശിയെ ശത്രുവായി പ്രഖ്യാപിച്ചത് കൊണ്ടാണ് പി.വി അൻവർ അദ്ദേഹത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നതെന്ന് എം.വി ഗോവിന്ദൻ പ്രതികരിച്ചു. യു.ഡി.എഫിന്റെ പ്രീതി പിടിച്ചു പറ്റാൻ മുഖ്യമന്ത്രിയെയും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും കടന്നാക്രമിച്ചായിരുന്നു അൻവറിന്റെ വാർത്താ സമ്മേളനം. പി.വി അൻവറിന്റെ ആരോപണം അടിസ്ഥാനരഹിതമെന്നും പിൻവലിക്കണമെന്നും പി ശശിയുടെ വക്കീൽ നോട്ടീസിൽ പറയുന്നു.
പി.ശശിയുടെ പരാതിയിൽ മൂന്ന് കേസുകൾ നിലവിൽ അൻവറിനെതിരെ കണ്ണൂരിലെ കോടതികളിലുണ്ട്. അൻവറിന്റെ മുന്നണി പ്രവേശനത്തിൽ തിടുക്കത്തിൽ തീരുമാനം വേണ്ടെന്നാണ് യു.ഡി.എഫ് നിലപാട്. തത്കാലം അൻവറിനെ തള്ളുകയും കൊള്ളുകയും വേണ്ടെന്നാണ് യുഡിഎഫ് നിലപാട്.
യുഡിഎഫ് യോഗത്തിലും കെപിസിസിയുടെ യോഗങ്ങളിലും അൻവർ വിഷയം ചർച്ച ചെയ്യും. മലപ്പുറം ഡിസിസിയുമായും കൂടിയാലോചന നടത്തും. യുഡിഎഫിന്റെ എല്ലാ ഘടകകക്ഷികളുടെയും അഭിപ്രായവും സ്വീകരിക്കും. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം പിന്തുണ സ്വീകരിക്കുന്നതിൽ യുഡിഎഫ് നിലപാട് എടുക്കും.
Story Highlights: P. Sasi sends a legal notice to P.V. Anvar for his allegations.