കേരളത്തിൽ നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് 10 പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മരിച്ച യുവാവിന്റെ മാതാവ് ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കളുടെയും ചികിത്സിച്ച ഡോക്ടറുടെയും പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇതോടെ ആകെ 26 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. പുതുതായി 11 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയതായും അവരിൽ അഞ്ച് പേർ ഹൈറിസ്ക് വിഭാഗത്തിൽ ഉൾപ്പെടുന്നതായും മന്ത്രി വ്യക്തമാക്കി.
നിപ സാഹചര്യത്തിൽ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ആകെ 266 പേരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 176 പേർ പ്രൈമറി കോൺടാക്ട് പട്ടികയിലും 90 പേർ സെക്കൻഡറി കോൺടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 133 പേരാണ് ഹൈറിസ്ക് കാറ്റഗറിയിലുള്ളത്. രോഗലക്ഷണങ്ങളുമായി 2 പേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റായിട്ടുണ്ട്. ആകെ 27 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് മികച്ച മാനസിക പിന്തുണ നൽകിവരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. 226 പേർക്ക് കോൾ സെന്റർ വഴി മാനസിക പിന്തുണ നൽകിയിട്ടുണ്ട്. ഫീൽഡ് സർവേയുടെ ഭാഗമായി മമ്പാട്, തിരുവാലി, വണ്ടൂർ പഞ്ചായത്തുകളിലായി ആകെ 1044 വീടുകളിൽ സർവേ നടത്തി. ആകെ 7953 വീടുകളിൽ സർവേ പൂർത്തിയാക്കി. 19 പനി കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തതായും ആകെ 175 പനി കേസുകൾ സർവേയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Story Highlights: 10 people test negative for Nipah virus in Kerala, including close contacts of deceased youth