നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുതുതായി ആറു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ ആകെ 74 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണുള്ളത്, ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്.
രോഗലക്ഷണങ്ങളുമായി രണ്ടു പേര്‍ കൂടി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. ഇവര്‍ അടക്കം നാലു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 28 പേര്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് .മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തുടരുന്നു. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മികച്ച മാനസിക പിന്തുണ നല്‍കിവരുന്നുണ്ട്. ഇന്ന് ആറു പേര്‍ക്ക് ഉള്‍പ്പെടെ 274 പേര്‍ക്ക് കോള്‍ സെന്റര്‍ വഴി മാനസിക പിന്തുണ നല്‍കി.
പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിപ രോഗബാധയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ് ആരോഗ്യവകുപ്പ്. രോഗബാധിതരുടെയും സമ്പർക്കത്തിൽ വന്നവരുടെയും ആരോഗ്യനില സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.
Story Highlights: 6 more test negative for Nipah in Kerala, total 74 negative results so far