ചിലിക്കെതിരായ മത്സരത്തിൽ പങ്കെടുത്തപ്പോൾ ലയണൽ മെസ്സിയുടെ ശാരീരിക അവസ്ഥ അനുകൂലമായിരുന്നില്ലെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ, പെറുവിനെതിരായ മത്സരത്തിൽ താരം കളിച്ചേക്കില്ലെന്ന റിപ്പോർട്ടുകളും പ്രചരിച്ചു. ജൂൺ 30-ന് ഇന്ത്യൻ സമയം വൈകുന്നേരം 5.30-നാണ് പെറുവിനെതിരെ അർജന്റീന കളിക്കുന്നത്. പനിയും തൊണ്ടവേദനയും അവഗണിച്ചാണ് ചിലിക്കെതിരെ കളിച്ചതെന്ന് മെസ്സി വെളിപ്പെടുത്തിയിരുന്നു. കൂടാതെ, ആദ്യപകുതിയിൽ വലതുകാലിന്റെ തുടയിൽ പരിക്കേറ്റിട്ടും അദ്ദേഹം കളി തുടർന്നു. മത്സരത്തിനിടെ ഈ പരിക്കും ശാരീരിക ക്ഷീണവും വ്യക്തമായി കാണാമായിരുന്നു. നിലവിൽ അർജന്റീന ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട്. അതിനാൽ തന്നെ, ആദ്യ രണ്ട് മത്സരങ്ങളിൽ അവസരം ലഭിക്കാത്ത കളിക്കാരെ പെറുവിനെതിരെ പരീക്ഷിക്കുമെന്ന് കോച്ച് സ്കലോണി സൂചിപ്പിച്ചു. ഇതോടെയാണ് മെസ്സി പെറുവിനെതിരെ കളിക്കില്ലെന്ന അഭ്യൂഹം ശക്തമായത്. ഇതുവരെ കളിക്കാൻ അവസരം ലഭിക്കാത്ത താരങ്ങളെ കളത്തിൽ കാണാൻ താൻ ആഗ്രഹിക്കുന്നുവെന്നും അവർ അത് അർഹിക്കുന്നുവെന്നും സ്കലോണി വ്യക്തമാക്കി. എന്നാൽ, മെസ്സിയുടെ പരിക്കിനെക്കുറിച്ച് കോച്ച് കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല. പരിക്ക് ഗുരുതരമല്ലെന്നാണ് മത്സരശേഷം മെസ്സി പറഞ്ഞത്. കൂടുതൽ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ എന്നാണ് സൂചന. മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലാണ് പെറുവിനെതിരെയുള്ള അവസാന ഗ്രൂപ്പ് ഘട്ട മത്സരം നടക്കുന്നത്. ചിലിക്കെതിരെ ഒരു ഗോൾ ജയത്തോടെ ക്വാർട്ടറിൽ പ്രവേശിച്ചതിനാൽ പെറുവിനെതിരെയുള്ള മത്സരം അത്ര പ്രധാനപ്പെട്ടതല്ല.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here