മാനന്തവാടിയിൽ സ്ത്രീയെ കൊലപ്പെടുത്തിയ കടുവയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി വനംവകുപ്പ്. പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിൽ ബിഎൻഎസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മുത്തങ്ങയിൽ നിന്നും കുംകി ആനകളെ എത്തിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോക്ടർ അജേഷ് മോഹൻദാസും സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോക്ടർ അരുൺ സക്കറിയയും ഇന്ന് രാവിലെ സംഘത്തിൽ ചേരും. കടുവയെ പിടികൂടാനായി ഇന്നലെ തന്നെ കൂട് സ്ഥാപിച്ചിരുന്നു. മാനന്തവാടി നഗരസഭാ പരിധിയിൽ യുഡിഎഫ് ഹർത്താൽ ആഹ്വാനം ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട രാധയുടെ പോസ്റ്റ്മോർട്ടം മാനന്തവാടി മെഡിക്കൽ കോളജിൽ നടക്കും.
വനത്തിനുള്ളിൽ ആർആർടി ഇന്ന് രാവിലെ മുതൽ തിരച്ചിൽ തുടരും. ക്യാമറ ട്രാപ്പുകളിൽ പരിശോധനയും ഇന്ന് രാവിലെ നടത്തും. മരിച്ച രാധയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായമായി സർക്കാർ കൈമാറി. മന്ത്രിയും കളക്ടറുമടക്കമുള്ളവർ രാധയുടെ വീട്ടിലെത്തിയാണ് ധനസഹായം കൈമാറിയത്.
സർക്കാർ പ്രഖ്യാപിച്ച ആകെ ധനസഹായം 11 ലക്ഷം രൂപയാണ്. സബ് ഡിവിഷണൽ മജിസ്ട്രേറ്റാണ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നരഭോജിയായ കടുവയെ പിടികൂടുന്നതിനായാണ് ഈ നടപടി.
Story Highlights: A woman was killed by a tiger in Mananthavady, and the forest department is intensifying its search for the animal.