Latest Malayalam News | Nivadaily

കൊച്ചി: സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ എസ്ഐക്ക് സസ്പെൻഷൻ
കൊച്ചിയിൽ സിവിൽ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പാലാരിവട്ടം സ്റ്റേഷനിലെ എസ്.ഐ കെ.കെ. ബൈജുവിനെ സസ്പെൻഡ് ചെയ്തു. സ്പായിൽ പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ഈ കേസിൽ എസ്.ഐയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.

തദ്ദേശ തിരഞ്ഞെടുപ്പ്: പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നാളെ; അന്തിമ ചിത്രം വ്യക്തമാകുന്നു
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി നാളെയാണ്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമുള്ള അന്തിമ കണക്ക് ഇന്ന് പുറത്തുവിടുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മത്സര രംഗത്തുള്ള സ്ഥാനാർത്ഥികളുടെ ചിത്രം നാളെയോടെ വ്യക്തമാകും.

തേജസ് യുദ്ധവിമാന അപകടം: വിങ് കമാൻഡർ നമാൻഷ് സ്യാലിന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു
ദുബായ് എയർ ഷോയിൽ തകർന്നു വീണ വ്യോമസേനയുടെ തേജസ് യുദ്ധവിമാനത്തിലെ വിങ് കമാൻഡർ നമാൻഷ് സ്യാലിന്റെ ഭൗതികശരീരം രാജ്യത്ത് എത്തിച്ചു. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ദുബൈയിൽ നിന്നും കൊണ്ടുവന്നത്. ഇന്ന് ജന്മനാടായ ഹിമാചൽ പ്രദേശിലെ കാങ്ഡയിൽ എത്തിച്ച് കുടുംബത്തിന് കൈമാറും.

തെക്കൻ, മധ്യ കേരളത്തിൽ മഴ ശക്തമാകും; അടുത്ത 5 ദിവസത്തേക്ക് യെല്ലോ അലർട്ട്
തെക്കൻ, മധ്യ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ജി20 ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനം; ഭീകരതയ്ക്കെതിരെ ഇന്ത്യയുടെ നിലപാടിന് പിന്തുണ
അമേരിക്കയുടെ എതിർപ്പുകൾക്കിടയിലും ജി20 ഉച്ചകോടിയിൽ രാഷ്ട്രങ്ങളുടെ സംയുക്ത പ്രഖ്യാപനം ഉണ്ടായി. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിന് ഉച്ചകോടിയിൽ പിന്തുണ ലഭിച്ചു. മയക്കുമരുന്ന് വിൽപനയ്ക്കെതിരെ ജി20 രാജ്യങ്ങൾ ഒരുമിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു.

യുക്രെയ്ൻ സമാധാന പദ്ധതി അന്തിമമല്ലെന്ന് ട്രംപ്; ഇന്ന് ജനീവയിൽ നിർണായക ചർച്ച
റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ട് വെച്ച 28 ഇന പദ്ധതി അന്തിമമല്ലെന്ന് ട്രംപ് അറിയിച്ചു. കരട് കരാറിലെ വ്യവസ്ഥകൾക്കെതിരെ യൂറോപ്യൻ രാജ്യങ്ങളും യുക്രെയ്നും രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, അമേരിക്ക, യുക്രെയ്ൻ എന്നീ രാജ്യങ്ങളിലെ ഉദ്യോഗസ്ഥർ ഇന്ന് ജനീവയിൽ യോഗം ചേരും.

ഓസ്ട്രേലിയ, കാനഡ പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി മോദി; സാങ്കേതിക സഹകരണം വിപുലമാക്കും
ജി20 ഉച്ചകോടിയുടെ ഭാഗമായി ഓസ്ട്രേലിയന് പ്രധാനമന്ത്രി ആന്തണി ആല്ബനീസുമായും കനേഡിയന് പ്രധാനമന്ത്രി മാര്ക്ക് കാര്നെയുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണം വിപുലമാക്കാന് തീരുമാനിച്ചു. വിതരണ ശൃംഖലകള് ശക്തിപ്പെടുത്തുന്നതിനും ഊര്ജ്ജ സഹകരണം വിപുലീകരിക്കുന്നതിനും എഐ സാങ്കേതികവിദ്യയുടെ വികാസത്തില് സഹകരിക്കുന്നതിനും ധാരണയായി.

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; പയ്യോളി സ്വദേശിനി മരിച്ചു
കോഴിക്കോട് പയ്യോളി സ്വദേശിനി അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചു. 58 വയസ്സുകാരി സരസു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വാർദ്ധക്യസഹജമായ മറ്റ് രോഗങ്ങളും ഇവർക്കുണ്ടായിരുന്നു.

വയനാട്ടിൽ ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു; ഭർത്താവ് രാജുവിനെതിരെ കേസ്
വയനാട്ടിൽ രണ്ട് ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു. കൊച്ചാറ ആദിവാസി ഉന്നതിയിലെ മാധവിക്കും മകൾ ആതിരയ്ക്കുമാണ് വെട്ടേറ്റത്. ആതിരയുടെ ഭർത്താവായ രാജുവാണ് വെട്ടിയതെന്നാണ് സൂചന. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്.

ഉത്തർപ്രദേശിൽ അനധികൃത കുടിയേറ്റം തടയാൻ തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു
ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. അനധികൃത കുടിയേറ്റക്കാരെ അവരുടെ ജന്മദേശങ്ങളിലേക്ക് നാടുകടത്താനുള്ള നടപടികൾ സ്വീകരിക്കും. ക്രമസമാധാനം, ദേശീയ സുരക്ഷ, സാമൂഹിക ഐക്യം എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യം.

