കുറുപ്പംപടി പീഡനക്കേസിൽ പെൺകുട്ടികളുടെ അമ്മയെ പോലീസ് റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകി പീഡനത്തിന് കൂട്ടുനിന്നു എന്ന കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. കൂടാതെ പീഡന വിവരം മറച്ചുവെച്ചതിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.
കുറുപ്പംപടിയിലെ പീഡനക്കേസിൽ പെൺകുട്ടികളുടെ അമ്മയെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മജിസ്ട്രേറ്റിന്റെ അനുമതിയോടെയാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പുതിയ കേസിൽ അറസ്റ്റ് ചെയ്തത്. കുട്ടികളെ മദ്യം കുടിക്കാൻ പ്രേരിപ്പിച്ചതിനും പീഡന വിവരം പോലീസിനെ അറിയിക്കാതെ മറച്ചുവെച്ചതിനുമാണ് കേസ്.
പീഡന വിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന് കുട്ടികൾ മജിസ്ട്രേറ്റിനു മുന്നിൽ മൊഴി നൽകിയിരുന്നു. പ്രതിയായ ധനേഷും ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് കുറുപ്പംപടി പോലീസ് അമ്മയെ ചോദ്യം ചെയ്തത്.
ധനേഷ് തങ്ങളെ പീഡിപ്പിച്ച കാര്യം അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന് കുട്ടികൾ സ്കൂളിലെ അധ്യാപികയോടും പറഞ്ഞിരുന്നു. അധ്യാപികയുടെയും കുട്ടികളുടെ സഹപാഠികളുടെയും മൊഴികൾ അമ്മയുടെ അറസ്റ്റിൽ നിർണായകമായി. പ്രതിയായ ധനേഷിനെ കസ്റ്റഡിയിൽ വാങ്ങി ശാസ്ത്രീയമായ തെളിവെടുപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്.
ധനേഷ് മറ്റ് കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ രാത്രി തന്നെ റിമാൻഡ് ചെയ്തു.
Story Highlights: Mother of minor girls remanded in Kuruppampady sexual abuse case for allegedly abetting the crime and concealing information.