കോഴിക്കോട് കൊയിലാണ്ടിയിലെ ക്ഷേത്രത്തിൽ ആനയിടഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജൻ എന്നിവരാണ് മരിച്ചവർ. ഏഴ് പേരുടെ നില ഗുരുതരമാണ്. ആയിരത്തിലധികം ആളുകൾ ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
പരിക്കേറ്റവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർദ്ദേശം നൽകി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വിദഗ്ദ്ധ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവർ ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പുവരുത്താനും മന്ത്രി നിർദ്ദേശിച്ചു.
ബാലുശ്ശേരി ധനഞ്ജയൻ എന്ന ആനയാണ് ഇടഞ്ഞത്. ഗുരുവായൂർ ദേവസ്വത്തിന്റെ ഗോകുൽ എന്ന ആനയെയാണ് ധനഞ്ജയൻ ആക്രമിച്ചത്. പടക്കം പൊട്ടിച്ചതിനെ തുടർന്നാണ് ആനകൾ വിരണ്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇടഞ്ഞ ആനകൾ തൊട്ടടുത്തുള്ള കെട്ടിടത്തിലേക്ക് ഓടിക്കയറി. കെട്ടിടം തകർന്ന് വീണാണ് മൂന്ന് പേർ മരിച്ചത്.
ധനഞ്ജയൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്. ഇടഞ്ഞ ആന തൊട്ടുമുന്നിലുണ്ടായിരുന്ന ആനയെ കുത്തിയ ശേഷം രണ്ടാനകളും വിരണ്ടോടുകയായിരുന്നു. ആന വിരണ്ടോടിയപ്പോൾ തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾക്ക് പരിക്കേറ്റത്. മുക്കാൽ മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനകളെ തളച്ചത്. ഇരുപത്തിരണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Story Highlights: Three people died and several were injured after an elephant ran amok at a temple festival in Koyilandy, Kerala.