ജനുവരി 19ന് മുംബൈയിൽ നടക്കുന്ന മാരത്തണിൽ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കിഫ്ബി സിഇഒ ഡോ. കെ.എം. എബ്രഹാം പങ്കെടുക്കും. 42 കിലോമീറ്റർ ദൂരമുള്ള ഫുൾ മാരത്തണിലാണ് അദ്ദേഹം ഓടുക. വയനാട് ദുരന്ത ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രത്യേക ജേഴ്സിയും ഫ്ലാഗും മുഖ്യമന്ത്രി പിണറായി വിജയൻ ഡോ. എബ്രഹാമിന് കൈമാറി.
മന്ത്രിസഭാ യോഗത്തിന് ശേഷം മറ്റ് മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഡോ. കെ.എം. എബ്രഹാം മാരത്തണിൽ പങ്കെടുക്കുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനുള്ള ആഹ്വാനവും ജേഴ്സിയിലും ഫ്ലാഗിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ പുനരധിവാസത്തിനായി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പുകളുടെ നിർമ്മാണ കൺസൾട്ടൻസി സ്ഥാപനമായ കിഫ്കോണിന്റെ ചെയർമാനാണ് ഡോ. കെ.എം. എബ്രഹാം. സിഎംഡിആർഎഫിൻ്റെ അക്കൗണ്ട് വിശദാംശങ്ങളും ജഴ്സിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ഈ വിവരങ്ങൾ സഹായിക്കും.
നേരത്തെ ലണ്ടൻ മാരത്തണിലും ഡോ. കെ.എം. എബ്രഹാം പങ്കെടുത്തിരുന്നു. 42 കിലോമീറ്റർ ദൈർഘ്യമുള്ള ഈ മാരത്തണും അദ്ദേഹം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ‘റൺ ഫോർ വയനാട്’ എന്ന ആശയത്തിലാണ് അദ്ദേഹം മുംബൈ മാരത്തണിൽ പങ്കെടുക്കുന്നത്.
Story Highlights: KIIFB CEO Dr. KM Abraham will run the Mumbai Marathon to express solidarity with the victims of the Wayanad landslide.