റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം അവസാനിച്ചു. ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ധാരണയായതിനെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. ഡിസംബർ മാസത്തെ ശമ്പളം നാളെ വിതരണം ചെയ്യുമെന്ന് ധനമന്ത്രി അറിയിച്ചു. എല്ലാ മാസവും പതിനഞ്ചാം തീയതിക്ക് മുൻപ് വേതനം നൽകുമെന്നും ധാരണയായി.
വേതന പരിഷ്കരണ ആവശ്യം വിശദമായി പഠിച്ച ശേഷം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. അടിസ്ഥാന ശമ്പളം 30,000 രൂപയാക്കണമെന്ന പ്രധാന ആവശ്യം ഉൾപ്പെടെ വേതന പാക്കേജ് പരിഷ്കരിക്കണമെന്നായിരുന്നു റേഷൻ വ്യാപാരികളുടെ ആവശ്യം. നേരത്തെ രണ്ട് തവണ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനമാകാതെ പോയതിനാലാണ് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയത്.
ചേംബറിലും ഓൺലൈനായുമാണ് ഇന്നത്തെ ചർച്ചകൾ നടന്നത്. ഈ ചർച്ചയിലാണ് സമരം പിൻവലിക്കുന്നതിൽ ധാരണയായത്. ഇന്ന് വീണ്ടും മന്ത്രി റേഷൻ വ്യാപാരികളെ ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു. വാതിൽപ്പടി വിതരണക്കാരുടെ സമരം സർക്കാരിന്റെയും ഭക്ഷ്യ വകുപ്പിന്റെയും ഇടപെടലിലൂടെ നേരത്തെ പിൻവലിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് റേഷൻ വ്യാപാരികൾ സമരത്തിലേക്ക് കടന്നത്. ഈ സമരവും ചർച്ചയിലൂടെ പരിഹരിക്കപ്പെട്ടിരിക്കുകയാണ്. വേതന പരിഷ്കരണം സംബന്ധിച്ച ചർച്ചകൾ തുടരും എന്നാണ് റേഷൻ വ്യാപാരികളുടെ പ്രതീക്ഷ.
റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചത് സംസ്ഥാനത്തെ റേഷൻ വിതരണത്തെ സാധാരണ നിലയിലാക്കും. അനിശ്ചിതത്വം നീങ്ങിയത് റേഷൻ കാർഡ് ഉടമകൾക്ക് ആശ്വാസമായി.
Story Highlights: Ration traders in Kerala call off indefinite strike after reaching an agreement with the Food Minister.