കേരളത്തിൽ അടുത്ത മൂന്ന്-നാല് ദിവസങ്ങളിൽ പകൽ താപനിലയിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട്, പത്തനംതിട്ട, തൃശൂർ, കൊല്ലം ജില്ലകളിലാണ് നിലവിൽ ഉയർന്ന താപനില രേഖപ്പെടുത്തുന്നത്. പകൽ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും, ധാരാളം വെള്ളം കുടിക്കണമെന്നും, അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.
പാലക്കാട് മുണ്ടൂരിൽ ഇന്നലെ 39.2°C ആണ് രേഖപ്പെടുത്തിയത്. കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യുവി ഇൻഡക്സിലും വർദ്ധനവുണ്ട്. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതളപാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കാൻ ശ്രദ്ധിക്കണം. പുറത്തിറങ്ങുമ്പോൾ പാദരക്ഷകളും, കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതും നല്ലതാണ്.
അതേസമയം, ചൂടിന് ആശ്വാസമായി തെക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഈ മാസം അവസാനം, മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയ്ക്കും സാധ്യതയുണ്ട്. മധ്യ, തെക്കൻ ജില്ലകളിലാണ് ഒറ്റപ്പെട്ട മഴ ലഭിക്കാൻ കൂടുതൽ സാധ്യത. ദാഹമില്ലെങ്കിൽ പോലും വെള്ളം കുടിക്കുന്നത് തുടരണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
Story Highlights: Kerala is expected to experience a rise in daytime temperatures over the next 3-4 days, with Palakkad recording the highest at 39.2°C.