രഞ്ജി ട്രോഫി സെമിഫൈനലിൽ ഗുജറാത്തിനെതിരെ കേരളം ശക്തമായ നിലയിലാണ്. മുഹമ്മദ് അസറുദ്ദീന്റെ സെഞ്ച്വറി കേരളത്തിന് ആശ്വാസമായി. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റിന് 418 റൺസാണ് കേരളത്തിന്റെ സ്കോർ. 149 റൺസുമായി അസറുദ്ദീൻ പുറത്താകാതെ നിൽക്കുന്നു. പത്ത് റൺസുമായി ആദിത്യ സർവാട്ടെയും ക്രീസിലുണ്ട്.
നാല് വിക്കറ്റിന് 206 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ വിക്കറ്റ് നഷ്ടമായി. 69 റൺസെടുത്ത സച്ചിൻ ബേബിയെ അർസൻ നാഗ്‌സവെല്ലയാണ് പുറത്താക്കിയത്. സല്മാൻ നിസാറും അസറുദ്ദീനും ചേർന്ന് കേരള ഇന്നിങ്‌സിനെ ഉയർത്തിക്കൊണ്ടുവന്നു. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 149 റൺസ് കൂട്ടിച്ചേർത്തു.
മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകൾ പായിച്ച അസറുദ്ദീൻ 175 പന്തിൽ നിന്ന് സെഞ്ച്വറി തികച്ചു. രഞ്ജിയിൽ അസറുദ്ദീന്റെ രണ്ടാം സെഞ്ച്വറിയാണിത്. സല്മാൻ നിസാർ 52 റൺസെടുത്ത് വിശാൽ ജയ്‌സ്വാളിന്റെ പന്തിൽ എൽ.ബി.ഡബ്ല്യു ആയി പുറത്തായി. സീസണിൽ മൂന്നാം തവണയാണ് ഇരുവരും ചേർന്ന് നൂറിലധികം റൺസ് കൂട്ടിച്ചേർക്കുന്നത്.
തുടർന്നെത്തിയ അഹമ്മദ് ഇമ്രാൻ 24 റൺസെടുത്ത് പുറത്തായി. ഗുജറാത്ത് ബൗളിംഗ് നിരയിൽ മൂന്ന് വിക്കറ്റെടുത്ത അർസൻ നാഗ്‌സവെല്ലയാണ് തിളങ്ങിയത്. പ്രിയജിത് സിങ് ജഡേജ, രവി ബിഷ്‌ണോയി, വിശാൽ ജയ്‌സ്വാൾ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അസറുദ്ദീനും ആദിത്യ സർവാട്ടെയും ചേർന്ന് കേരളത്തിന്റെ സ്കോർ ഉയർത്തി.
Story Highlights: Kerala reached a strong position against Gujarat in the Ranji Trophy semi-final, thanks to Mohammad Azharuddeen’s century.