കട്ടപ്പനയിൽ പ്ലസ് ടു വിദ്യാർത്ഥിയെ പൊലീസ് മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ രൂക്ഷ വിമർശനം ഉന്നയിച്ചു. എസ്ഐയുടെ വീഴ്ച മറച്ചുവെച്ച് എസ്പി റിപ്പോർട്ട് നൽകിയെന്ന് കമ്മീഷൻ കണ്ടെത്തി. വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ കൂട്ടാർ സ്വദേശി ആസിഫിനെ കട്ടപ്പന എസ്ഐ സുനേഖ് പി ജെയിംസും സിപിഒ മനു പി ജോസും കസ്റ്റഡിയിലെടുത്ത് മർദിക്കുകയായിരുന്നു. സംഭവത്തിൽ വീഴ്ച സംഭവിച്ചതിനെ തുടർന്ന് എസ്ഐയെ എറണാകുളം റേഞ്ച് ഡിഐജി സസ്പെൻഡ് ചെയ്തിരുന്നു.
അടുത്തമാസം തൊടുപുഴയിൽ നടക്കുന്ന സിറ്റിങ്ങിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കട്ടപ്പന ഡിവൈഎസ്പിയും നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. എപ്രിൽ 25 നാണ് സസ്പെൻഷനിലേക്ക് നയിച്ച സംഭവം നടന്നത്. ഇരട്ടയാറിൽ വാഹന പരിശോധനയ്ക്കിടെ സിപിഒ മനു പി ജോസിന് പരുക്കേറ്റിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ടുപേരും ആസിഫും ചേർന്ന് വാഹനമിടിപ്പിച്ച് പരിക്കേൽപ്പിച്ചുവെന്നു കാണിച്ച് പൊലീസ് മൂവർക്കുമെതിരെ കേസെടുത്തു.
ഇത് കള്ളക്കേസാണെന്ന് കാണിച്ച് ആസിഫിന്റെ അമ്മ ഗവർണർക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിലെ അന്വേഷണമാണ് വഴിത്തിരിവായത്. കട്ടപ്പന ഡിവൈഎസ്പിയുടെ അന്വേഷണത്തിൽ, രണ്ട് ബൈക്കുകളിലാണ് ആസിഫും കൂട്ടുകാരും എത്തിയതെന്നും, ആസിഫ് ഓടിച്ച ബൈക്ക് പൊലീസ് വാഹനത്തെ മറികടന്നു പോയെന്നും കണ്ടെത്തി. സംഭവസമയത്ത് ആസിഫ് സ്ഥലത്തില്ലായിരുന്നെന്നും പിന്നീട് എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും, പൊലീസ് വാഹനത്തിലും സ്റ്റേഷനിലും വച്ച് മർദിച്ചതായും അമ്മയുടെ പരാതിയിൽ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് എസ്ഐ സുനേഖിനെയും സിപിഒ മനു പി ജോസിനെയും ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റുകയായിരുന്നു.
Story Highlights: Human rights commission criticizes police for assaulting student in Kattappana, Idukki