വ്യാജ കമ്പനി പേരുകളിൽ ഇഎസ്ഐ കാർഡുകൾ സൃഷ്ടിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ നാലുപേരെ ബെംഗളൂരു പൊലീസ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന ശ്രീധർ (42), രമേഷ് (54), ചന്ദ്രകുമാർ (37), ശിവഗംഗ (38) എന്നിവരാണ് പിടിയിലായത്. പ്രതികൾ സർക്കാർ വെബ്‌സൈറ്റിൽ ഇല്ലാത്ത കമ്പനികൾ വ്യാജ പേരുകളിൽ രജിസ്റ്റർ ചെയ്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
പ്രതികളിലൊരാളായ രമേഷ് 2018ൽ തട്ടിപ്പ് ആരംഭിച്ചെങ്കിലും കോവിഡിനെ തുടർന്ന് പിന്നീട് പ്രവർത്തനങ്ങൾ നിർത്തിയിരുന്നു. 2022ൽ ശ്രീധർ അദ്ദേഹത്തോടൊപ്പം ചേരുകയും തട്ടിപ്പ് പുനരാരംഭിക്കുകയുമായിരുന്നു. ഇവർ കാർഡുകൾക്കായി 500 രൂപ രോഗികളിൽ നിന്ന് വാങ്ങുകയും 280 രൂപ മാത്രം ഇഎസ്ഐസി അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു. ഈ കാർഡുകളിലൂടെ രോഗികൾക്ക് സർക്കാരിൻ്റെ ചികിത്സാ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ പ്രതികൾക്ക് കഴിഞ്ഞിരുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ 869 പേർക്ക് വ്യാജ ഇഎസ്ഐസി കാർഡുകളും രേഖകളും തയ്യാറാക്കിയ ഇവരിൽ നിന്ന് വ്യാജ കമ്പനികളുടെയും വിവിധ ആശുപത്രികളിലെ ഡോക്ടർമാരുടെയും സീലുകൾ, നാല് ലാപ്ടോപ്പുകൾ, 59,500 രൂപ പണം, വ്യാജ ഇഎസ്ഐസി കാർഡുകൾ എന്നിവ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ രണ്ട് പ്രതികൾക്ക് കൂടി നോട്ടീസ് നൽകിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ ബി. ദയാനന്ദ അറിയിച്ചു.
Story Highlights: Four arrested in Bengaluru for creating fake ESIC cards using fictitious company names