തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മുറിയിൽ തലയിടിച്ച് വീണതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാകാം മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു. മുറിയിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി.
ആന്തരിക അവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഹോട്ടൽ ജീവനക്കാരുടെ മൊഴികൾ ഉൾപ്പെടെ രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. മുറിയിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
രണ്ട് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ അതിനുശേഷം മുറി വിട്ട് പുറത്തേക്ക് പോയിരുന്നില്ലെന്നാണ് വിവരം. മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് ഹോട്ടൽ ജീവനക്കാർ മുറി തുറന്നു നോക്കിയത്. അപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം സ്വദേശിയായ ദിലീപ് ശങ്കർ സീരിയൽ ഷൂട്ടിങ്ങിനായാണ് തിരുവനന്തപുരത്ത് എത്തിയത്. ഷൂട്ടിങ്ങിന് രണ്ട് ദിവസത്തെ ഇടവേള ഉണ്ടായിരുന്നുവെന്നും, ഈ സമയത്ത് പലരും വിളിച്ചിട്ടും ഫോണെടുത്തിരുന്നില്ലെന്നും സീരിയൽ സംവിധായകൻ വ്യക്തമാക്കിയിരുന്നു.
Story Highlights: Actor Dileep Shankar’s death not suicide, preliminary police investigation suggests internal bleeding from head injury as possible cause.