Crime News

ഫറോക്കിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്: പ്രതികളായ വിദ്യാർത്ഥികൾ ഇന്ന് ജുവനൈൽ ബോർഡിന് മുന്നിൽ
കോഴിക്കോട് ഫറോക്കിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതികളായ വിദ്യാർത്ഥികൾ ഇന്ന് ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാകും. പെൺകുട്ടിയുടെ സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കളാണ് പീഡനത്തിന് പിന്നിൽ. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ പതിനൊന്നുകാരനും കേസിൽ പ്രതിയാണ്.

കാസർഗോഡ് യുവതിയെ തീകൊളുത്തിയ കേസ്: ചികിത്സയിലിരിക്കെ മരണം
കാസർഗോഡ് ബേഡകത്ത് യുവതിയെ കടയ്ക്കുള്ളിൽ വെച്ച് തീകൊളുത്തിയ സംഭവത്തിൽ യുവതി മരണത്തിന് കീഴടങ്ങി. മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഏപ്രിൽ 8നാണ് തമിഴ്നാട് സ്വദേശി രാമാമൃതം രമിതയെ തീ കൊളുത്തിയത്.

വളർത്തുനായയെ ഉപദ്രവിച്ചു; ഉടമയ്ക്കെതിരെ കേസ്
തൊടുപുഴയിൽ വളർത്തുനായയെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. ആജ്ഞ അനുസരിക്കാത്തതിന്റെ പേരിൽ നായയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം തെരുവിൽ ഉപേക്ഷിക്കുകയായിരുന്നു. അനിമൽ റെസ്ക്യൂ ടീം നായയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ഡൽഹിയിലും ആക്രമണം പദ്ധതിയിട്ടിരുന്നതായി എൻഐഎ
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണ ഡൽഹിയിലും ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി എൻഐഎ കോടതിയിൽ വെളിപ്പെടുത്തി. റാണയുടെ ദുബായ് സന്ദർശനത്തിനിടെ ഡി-കമ്പനിയുമായി ബന്ധമുള്ള ഒരു വ്യക്തിയുമായി കൂടിക്കാഴ്ച നടത്തിയതായും എൻഐഎ സംശയിക്കുന്നു. മുംബൈ ആക്രമണത്തിന്റെ ഗൂഢാലോചന വിദേശത്താണ് നടന്നതെന്നും കോടതി രേഖകളിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപകമായി റെയ്ഡ്; 137 പേർ അറസ്റ്റിൽ
ഏപ്രിൽ 13ന് സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 137 പേർ അറസ്റ്റിലായി. മയക്കുമരുന്ന് വില്പ്പനയില് ഏര്പ്പെട്ടതായി സംശയിക്കുന്ന 2135 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരം മയക്കുമരുന്നുകൾ പിടിച്ചെടുത്തു.

മെഹുൽ ചോക്സിയെ തിരികെ കൊണ്ടുവരാൻ ഇന്ത്യൻ സംഘം ബെൽജിയത്തിലേക്ക്
പി എൻ ബി വായ്പ തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള നിയമനടപടികൾ ഊർജിതമാക്കാൻ ഇന്ത്യൻ സംഘം ബെൽജിയത്തിലേക്ക് പുറപ്പെടും. ഇ ഡി, സി ബി ഐ, വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നതാണ് സംഘം. ഏപ്രിൽ 12നാണ് ചോക്സിയെ ബെൽജിയത്തിൽ അറസ്റ്റ് ചെയ്തത്.

മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവറെ കൊന്ന് കിണറ്റിൽ തള്ളി; ഒരാൾ അറസ്റ്റിൽ
മംഗലാപുരം സ്വദേശിയായ ഓട്ടോ ഡ്രൈവർ മുഹമ്മദ് ഷരീഫിനെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ ഒരാൾ അറസ്റ്റിലായി. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. മഞ്ചേശ്വരം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൊച്ചി വിമാനത്താവളത്തിൽ വീണ്ടും ലഹരിവേട്ട; 35 ലക്ഷത്തിന്റെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
കൊച്ചി വിമാനത്താവളത്തിൽ ബാങ്കോക്കിൽ നിന്നെത്തിയ യുവതിയിൽ നിന്ന് 1 കിലോ 190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ഏകദേശം 35 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് തായ് എയർലൈൻസിലാണ് കടത്തിക്കൊണ്ടുവന്നത്. ഈ മാസം ഇത് ആറാം തവണയാണ് കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്.

ഓപ്പറേഷൻ ഡി-ഡാഡിന്റെ വിജയം: 775 കുട്ടികൾക്ക് ഡിജിറ്റൽ അഡിക്ഷനിൽ നിന്ന് മോചനം
കേരള പോലീസിന്റെ ഓപ്പറേഷൻ ഡി-ഡാഡിന് മികച്ച പ്രതികരണം. 775 കുട്ടികളെയാണ് ഇതുവരെ ഇന്റർനെറ്റ് അഡിക്ഷനിൽ നിന്ന് മോചിപ്പിച്ചത്. പതിനാലിനും പതിനേഴിനും ഇടയിൽ പ്രായമായവരാണ് ഇവരിൽ ഭൂരിഭാഗവും.

നെടുമ്പാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട; തമിഴ്നാട് സ്വദേശി അറസ്റ്റിൽ
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 1190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. മുപ്പത്തിയഞ്ചു ലക്ഷത്തി എഴുപതിനായിരം രൂപ വിലമതിക്കുന്ന കഞ്ചാവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിലായി. ബാങ്കോക്കിൽ നിന്നെത്തിയ വിമാനത്തിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

മദ്യപിച്ച് വാഹനമോടിച്ച പോലീസ് ഉദ്യോഗസ്ഥൻ സസ്പെൻഡിൽ
തൃശ്ശൂർ മാളയിൽ മദ്യപിച്ച് അമിതവേഗത്തിൽ കാർ ഓടിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ചാലക്കുടി ഹൈവേ പോലീസിലെ ഡ്രൈവറായ അനുരാജ് പി പിയെയാണ് സസ്പെൻഡ് ചെയ്തത്. അപകടത്തിൽ സ്കൂട്ടർ യാത്രികന് പരിക്കേറ്റിരുന്നു.

വിദേശ നഴ്സിംഗ് ജോലി വാഗ്ദാനം: സുവിശേഷ പ്രവർത്തക കൊല്ലത്ത് പിടിയിൽ
വിദേശ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്ന കേസിൽ സുവിശേഷ പ്രവർത്തക കൊല്ലത്ത് പിടിയിൽ. കോട്ടയം പാമ്പാടി സ്വദേശിനി ജോളി വർഗീസ് ആണ് അഞ്ചൽ പൊലീസിന്റെ പിടിയിലായത്. മണ്ണൂർ സ്വദേശികളായ മൂന്ന് പേരുടെ പരാതിയിലാണ് നടപടി.