മാണൂർ സ്വദേശിയായ തയ്യിൽ അബ്ദുൽ ലത്തീഫ് (49) എന്ന ഓട്ടോ ഡ്രൈവർ സ്വകാര്യ ബസ് ജീവനക്കാരുടെ മർദ്ദനത്തിനിരയായി കുഴഞ്ഞുവീണ് മരിച്ചു. വടക്കേ മണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് രണ്ട് സ്ത്രീകളെ സവാരിക്കായി കയറ്റിയതിനാണ് ബസ് ജീവനക്കാർ ഓട്ടോ ഡ്രൈവറെ മർദ്ദിച്ചത്. മർദ്ദനമേറ്റ ലത്തീഫ് പരാതി നൽകാനായി മലപ്പുറത്ത് എത്തിയപ്പോൾ താലൂക്ക് ആശുപത്രിയിലേക്ക് പോകും വഴി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
മഞ്ചേരി തിരൂർ റൂട്ടിൽ ഓടുന്ന പിടിബി ബസിലെ ജീവനക്കാരാണ് മർദ്ദനത്തിന് പിന്നിൽ. ബസ് കാത്തുനിൽക്കുന്ന യാത്രക്കാരെ കൊണ്ടുപോകുകയാണെന്ന് തെറ്റിദ്ധരിച്ചാണ് ബസ് ജീവനക്കാർ ഓട്ടോറിക്ഷയെ പിന്തുടർന്ന് മർദ്ദനം നടത്തിയത്. സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിലാണ്.
ഓട്ടോറിക്ഷയെ പിന്തുടർന്നെത്തിയ ബസ് ഏകദേശം ഒരു കിലോമീറ്റർ കഴിഞ്ഞതിന് ശേഷം ഓട്ടോറിക്ഷയ്ക്ക് കുറുകെ നിർത്തി. ബസിലെ ഡ്രൈവറും ക്ലീനറും ഇറങ്ങിവന്ന് അബ്ദുൽ ലത്തീഫിനെ മർദ്ദിക്കുകയായിരുന്നു. ലത്തീഫിന്റെ നെഞ്ചിൽ ചവിട്ടുകയും, ബലം പ്രയോഗിച്ച് രണ്ട് ബസ് ജീവനക്കാർ തള്ളി മാറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
മർദ്ദനത്തിന് ഇരയായ അബ്ദുൽ ലത്തീഫിന്റെ മരണകാരണം വ്യക്തമല്ല. മരണകാരണം മർദ്ദനം തന്നെയാണോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. നിലവിൽ മൃതദേഹം മോർച്ചറിയിലാണ്. പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Story Highlights: An autorickshaw driver in Malappuram died after being allegedly assaulted by private bus employees.