വട്ടപ്പാറ(തിരുവനന്തപുരം)◾ സ്വകാര്യ ആശുപത്രിയുടെ മേൽവിലാസത്തിൽ ഓൺലൈനായി എത്തിച്ച ലഹരി മിഠായികൾ നിറച്ച പാഴ്സൽ പിടിച്ചു. സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ മൂന്നംഗ സംഘം അറസ്റ്റിൽ. പ്രശാന്ത്, ഗണേഷ്, മാർഗ ബന്ധു എന്നിവരാണ് അറസ്റ്റിലായത്. ഇവർ വിവിധ ജോലികളുമായി ബന്ധപ്പെട്ട് വട്ടപ്പാറ മേഖലയിൽ ഉണ്ടായിരുന്നു.
വട്ടപ്പാാറയിലെ സ്വകാര്യ ആശുപത്രിയുടെ മേൽവിലാസത്തിലായിരുന്നു ലഹരി മിഠായി നിറച്ച പാഴ്സൽ എത്തിച്ചത്. മൂന്നംഗ സംഘത്തിൽ ഒരാളുടെ ഫോൺ നമ്പർ ആയിരുന്നു ലഹരി ഓൺലൈൻ ഡെലിവെറിയ്ക്കായി നൽകിയിരുന്നത്. പ്രധാന റോഡിൽ നിന്നും ആശുപത്രിയിലേക്ക് തിരിയുന്ന വഴിയിൽ വച്ച് ഡെലിവെറി ബോയിയിൽ നിന്നും സാധനം വാങ്ങാനായിരുന്നു മൂന്നംഗ സംഘത്തിന്റെ പദ്ധതി. എന്നാൽ ഇതുണ്ടായില്ല.
ഇതിനിടെ ഡെലിവെറി ബോയ് സാധനം ആശുപത്രിയിൽ നൽകി മടങ്ങി. ആശുപത്രിയുടെ മേൽവിലാസത്തിൽ ആശുപത്രിയുമായി യാതൊരു ബന്ധമില്ലാത്ത ആളുടെ പേരിൽ വന്ന പാഴ്സൽ കണ്ട് സംശയം തോന്നിയ അധികൃതർ പാഴ്സൽ സ്വീകരിക്കാൻ തയ്യാറായില്ല. ഉടൻ ആ നമ്പറിൽ ഡെലിവെറി ബോയ് വിളിച്ചപ്പോൾ ആശുപത്രിയിൽ പാഴ്സൽ കൊടുക്കേണ്ടതില്ലെന്നും താൻ പറയുന്ന സ്ഥലത്തേക്ക് കൊണ്ടു വരണമെന്നും മറു തലയ്ക്കൽ നിന്നു മറുപടി ലഭിച്ചു.
തുടർന്ന് നെടുമങ്ങാട് ഡാൻസാഫ് ടീമിനെ ആശുപത്രി അധികൃതർ വിവരം അറിയിച്ചു. ഡാൻസാഫ് ടീം എത്തി പാഴ്സൽ പരിശോധിച്ചതോടെ ലഹരി മിഠായികളാണെന്ന് കണ്ടെത്തി. പിന്നാലെ തന്ത്രപരമായി മൂന്നംഗ സംഘത്തെ പിടികൂടുകയായിരുന്നു. ഇതിനു മുൻപും ഓൺലൈനായി ലഹരി പ്രദേശത്ത് എത്തിച്ചതായി ഡാൻസാഫ് ടീം കണ്ടെത്തി. രാസ ലഹരി ഉൾപ്പെടെ ഇത്തരത്തിൽ എത്തിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ടീം പ്രതിനിധി ‘നിവാ ഡെയ്‌ലി’യോട് പറഞ്ഞു.
Story Highlights: Three Tamil Nadu natives arrested in Vattappara for ordering drugs online using a private hospital’s address.