ഉത്തരാഖണ്ഡിൽ നാളെ മുതൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. നിയമത്തിൽ നാല് ഭാഗങ്ങളിലായി ഏഴ് അധ്യായങ്ങളും 392 വകുപ്പുകളുമുണ്ട്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളിൽ മതം, ലിംഗഭേദം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കുകയാണ് ഏക സിവിൽ കോഡിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഏക സിവിൽ കോഡ് സമൂഹത്തിൽ തുല്യത കൊണ്ടുവരുമെന്നും എല്ലാ പൗരന്മാർക്കും തുല്യ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏകീകൃത സിവിൽ കോഡിനായുള്ള പ്രത്യേക പോർട്ടലും മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. പാരമ്പര്യ സ്വത്ത് കൈമാറ്റത്തിന് സാക്ഷികളുടെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കണമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവർക്കും വിവാഹ സർട്ടിഫിക്കറ്റിന് സമാനമായ രജിസ്ട്രേഷൻ നിർബന്ധമാക്കും.
എല്ലാത്തരം രജിസ്ട്രേഷനുകൾക്കും ഫോട്ടോയും ആധാർ കാർഡും നിർബന്ധമാക്കാനും ഏകീകൃത സിവിൽ കോഡിൽ വ്യവസ്ഥയുണ്ട്. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് പാസാക്കിയ ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. എന്നാൽ ഗോവയിൽ നിലവിൽ പിന്തുടരുന്നത് 1867-ലെ പോർച്ചുഗീസ് സിവിൽ കോഡാണ്. ഗോവ നിയമസഭ പുതിയ നിയമം പാസാക്കിയിട്ടില്ല.
ആദിവാസി വിഭാഗങ്ങളെ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഏക സിവിൽ കോഡ് നടപ്പാക്കുന്നതിലൂടെ സാമൂഹിക നീതി ഉറപ്പാക്കാനാകുമെന്നാണ് സർക്കാരിന്റെ വാദം. പുതിയ നിയമം നാളെ മുതൽ പ്രാബല്യത്തിൽ വരും.
Story Highlights: Uttarakhand will implement the Uniform Civil Code from tomorrow, becoming the first state in India to do so.