Thiruvananthapuram

മദ്യലഹരിയിൽ മുത്തച്ഛന്റെ ക്രൂരമർദ്ദനം; 13കാരൻ ആശുപത്രിയിൽ
തിരുവനന്തപുരം വെള്ളല്ലൂരിൽ മദ്യലഹരിയിലായിരുന്ന മുത്തച്ഛൻ 13 വയസ്സുകാരനായ കൊച്ചുമകനെ ക്രൂരമായി മർദ്ദിച്ചു. തേക്ക് മരത്തിൽ കെട്ടിയിട്ട് കേബിൾ കൊണ്ട് അടിച്ചെന്നാണ് പരാതി. കുട്ടി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ആശാ വർക്കർമാരുടെ സമരം 65-ാം ദിവസത്തിലേക്ക്; സമരം വ്യാപിപ്പിക്കാൻ തീരുമാനം
ആശാ വർക്കർമാരുടെ സമരം 65-ാം ദിവസത്തിലേക്ക് കടന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം വ്യാപിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. മന്ത്രി വി. ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയിൽ തൃപ്തികരമായ ഒരു പരിഹാരം ഉണ്ടാകാത്തതാണ് സമരം നീട്ടാൻ കാരണം.

മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളി സമരം ശക്തമാകുന്നു
മുതലപ്പൊഴി ഹാർബറിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ സമരം ശക്തമാകുന്നു. സിഐടിയു ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ഹാർബർ എൻജിനീയറിങ് ഓഫീസ് ഉപരോധിക്കും. ഫിഷറീസ് മന്ത്രിക്ക് കത്തയയ്ക്കാനും സമരസമിതി തീരുമാനിച്ചു.

ന്യൂസ്18 കേരളം കേസരി ക്രിക്കറ്റ് ടൂർണമെന്റിൽ വിജയികൾ
കേസരി – എസ് എൽ ശ്യാം ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ രണ്ടാം സീസണിൽ ന്യൂസ്18 കേരളം ചാമ്പ്യന്മാരായി. ഫൈനലിൽ മാതൃഭൂമി ന്യൂസിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ന്യൂസ്18 കേരളം കിരീടം ചൂടിയത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ അഞ്ച് ദിവസങ്ങളിലായി നടന്ന ടൂർണമെൻ്റിൽ വിവിധ മാധ്യമ സ്ഥാപനങ്ങൾ പങ്കെടുത്തു.

അന്താരാഷ്ട്ര സർഫിംഗ് മത്സരം: കിഷോർ, ഷുഗർ, ഹരീഷ് വിജയികൾ
തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര സർഫിംഗ് മത്സരങ്ങൾ സമാപിച്ചു. മെൻസ് ഓപ്പണിൽ കിഷോർ കുമാറും വിമൻസ് ഓപ്പണിൽ ഷുഗർ ശാന്തി ബനാർസെയും ഗ്രോംസ് 16 ആന്ഡ് അണ്ടര് ബോയ്സ് വിഭാഗത്തിൽ ഹരീഷും വിജയികളായി. ചലച്ചിത്ര താരം സുദേവ് സമ്മാനദാനം നിർവഹിച്ചു.

447 പുതിയ പോലീസ് കോൺസ്റ്റബിളുകൾ സേനയിൽ ചേർന്നു
447 പുതിയ പോലീസ് കോൺസ്റ്റബിളുകൾ കേരള പോലീസിൽ ചേർന്നു. തിരുവനന്തപുരത്ത് നടന്ന പാസിംഗ് ഔട്ട് പരേഡിൽ സംസ്ഥാന പോലീസ് മേധാവി സല്യൂട്ട് സ്വീകരിച്ചു. വിവിധ വിഷയങ്ങളിൽ പരിശീലനം നേടിയാണ് ഇവർ സേനയിൽ ചേരുന്നത്.

ഓൺലൈൻ സമ്മാന തട്ടിപ്പ്: തിരുവനന്തപുരത്ത് യുവതിക്ക് 20 ലക്ഷം നഷ്ടം
തിരുവനന്തപുരം വെള്ളായണിയിലെ യുവതിക്ക് ഓൺലൈൻ സമ്മാന തട്ടിപ്പിലൂടെ 20 ലക്ഷം രൂപ നഷ്ടമായി. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടയാൾ വിദേശത്തുനിന്ന് സമ്മാനം അയച്ചെന്നും അതിന്റെ നികുതി അടയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. സിറ്റി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഞ്ചാവ് ഉപയോഗം റിപ്പോർട്ട് ചെയ്തതിന് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
സ്കൂളിൽ കഞ്ചാവ് ഉപയോഗം റിപ്പോർട്ട് ചെയ്തതിന് പ്ലസ് ടു വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പൂവച്ചൽ സ്വദേശിയായ ഫഹദിനെയാണ് ആറംഗ സംഘം കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഐ.ബി. ഉദ്യോഗസ്ഥന്റെ മരണം: സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടി ഉടൻ
ഐ.ബി. ഉദ്യോഗസ്ഥന്റെ ആത്മഹത്യയിൽ പ്രതിയായ സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടി ഉടൻ. സർവ്വീസിൽ നിന്നും പുറത്താക്കാനുള്ള നീക്കം ആരംഭിച്ചു. പ്രതി ഒളിവിലാണെന്നും വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും പോലീസ്.

പ്ലാമൂട്ശ്രീരാമകൃഷ്ണ സാംസ്കാരിക ഉത്സവം ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ അധ്യക്ഷൻ മുക്കംപാലമൂട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
പോത്തൻകോട് പ്ലാമൂട് ശ്രീരാമകൃഷ്ണ ക്ഷേത്രത്തിൽ സാംസ്കാരിക ഉത്സവം ആരംഭിച്ചു. ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ അധ്യക്ഷൻ മുക്കംപാലമൂട് രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെയും സനാതന ധർമ്മത്തിന്റെയും ഉത്തമ മാതൃകയാണ് ശ്രീരാമൻ എന്ന് അദ്ദേഹം പറഞ്ഞു.

എസ്എഫ്ഐ ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം
എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നന്ദന്റെ കടകംപള്ളിയിലെ വീടിന് നേരെ ആക്രമണം. രണ്ട് അക്രമികൾ നന്ദന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചതായി പരാതി. തലയ്ക്ക് പരിക്കേറ്റ നന്ദനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്വിഫ്റ്റ് ബസിന് പകരം സാധാരണ ബസ്; യാത്രക്കാരുടെ പ്രതിഷേധം
തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് സ്വിഫ്റ്റ് ബസ് ബുക്ക് ചെയ്ത യാത്രക്കാർക്ക് സാധാരണ ബസ് ലഭിച്ചതിനെ തുടർന്ന് പ്രതിഷേധം. കൊല്ലത്തുവെച്ച് ബസിൽ നിന്നിറങ്ങി യാത്രക്കാർ പ്രതിഷേധിച്ചു. 93 വയസുള്ള വയോധിക ഉൾപ്പെടെ ഏഴ് യാത്രക്കാരാണ് ദുരിതമനുഭവിച്ചത്.