KERALA

കേരളത്തെ സംബന്ധിച്ച് ഇനി ഒരസാധ്യവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ഒമാനിലെ സലാലയിൽ പ്രവാസോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം നിക്ഷേപത്തിന് പറ്റാത്ത നാടാണെന്നുള്ള വിലയിരുത്തൽ ഇന്ന് മാറിയെന്നും അദ്ദേഹം പറഞ്ഞു. കേരളം ആരംഭിക്കുന്ന പല പദ്ധതികളും ഇന്ന് രാജ്യം ഏറ്റെടുക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ആളിയാർ ഡാമിന് താഴെ തമിഴ്നാടിന്റെ പുതിയ ഡാം; നിയമനടപടിക്ക് ഒരുങ്ങി കേരളം
ആളിയാർ ഡാമിന് താഴെ തമിഴ്നാട് പുതിയ ഡാം നിർമ്മിക്കാൻ തീരുമാനിച്ചതോടെ നിയമനടപടിക്ക് ഒരുങ്ങി കേരളം. 11,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നതോടെ ചിറ്റൂർ പുഴയിലേക്കുള്ള ഒഴുക്ക് നിലയ്ക്കുമെന്നാണ് ആശങ്ക. തമിഴ്നാട് കരാർ ലംഘിക്കുകയാണെന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.

പി.എം.ശ്രീ പദ്ധതി കേരളത്തിന് ദോഷകരമെങ്കിൽ നടപ്പാക്കില്ലെന്ന് ടി.പി. രാമകൃഷ്ണൻ
പി.എം. ശ്രീ പദ്ധതി കേരളത്തിന് ദോഷകരമാണെങ്കിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. സി.പി.ഐയുടെ അഭിപ്രായ വ്യത്യാസത്തെ എൽ.ഡി.എഫിലെ ഭിന്നതയായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർണവില കൂടി; ഒരു പവൻ സ്വർണത്തിന് 92,120 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവന് 920 രൂപ വർധിച്ച് 92,120 രൂപയിലെത്തി. ഒരു ഗ്രാമിന് 115 രൂപ വർധിച്ച് 11,515 രൂപയായി.

സംരംഭകത്വത്തിന് പുതിയ യൂണിവേഴ്സിറ്റിയുമായി കേരളം
കേരളത്തിൽ സ്കിൽ ഡെവലപ്മെന്റിനും സംരംഭകത്വ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും പിപിപി മാതൃകയിൽ പുതിയ യൂണിവേഴ്സിറ്റി സ്ഥാപിക്കുമെന്ന് മന്ത്രി പി രാജീവ്. അഞ്ച് വർഷത്തിനുള്ളിൽ ഇത് യാഥാർത്ഥ്യമാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഇൻഡസ്ട്രിക്കാവശ്യമായ സ്കിൽ ഡെവലപ്മെന്റിനുള്ള കോഴ്സുകൾ ഇൻഡസ്ട്രികൾക്ക് തന്നെ ആരംഭിക്കാനും നടത്താനും കഴിയുന്ന വിധത്തിലായിരിക്കും യൂണിവേഴ്സിറ്റിയുടെ പ്രവർത്തനം.

പി.എം. ശ്രീയിൽ കേരളവും; സി.പി.ഐ.യുടെ എതിർപ്പ് മറികടന്ന് സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു
സംസ്ഥാന സർക്കാർ പി.എം. ശ്രീ പദ്ധതിയിൽ ചേരാൻ തീരുമാനിച്ചു. സി.പി.ഐയുടെ കടുത്ത എതിർപ്പ് മറികടന്നാണ് ഈ തീരുമാനം. കേന്ദ്ര ഫണ്ട് ലഭിക്കുന്നതിന് മറ്റ് മാർഗങ്ങളില്ലെന്ന് സി.പി.എം അറിയിച്ചു.

തദ്ദേശീയ മദ്യം വിദേശത്തേക്കും; ഉത്പാദനം കൂട്ടണമെന്ന് മന്ത്രി എം.ബി. രാജേഷ്
എക്സൈസ് വകുപ്പിന്റെ സംസ്ഥാന സെമിനാറിൽ തദ്ദേശീയ മദ്യത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കണമെന്ന് മന്ത്രി എം.ബി. രാജേഷ് അഭിപ്രായപ്പെട്ടു. മദ്യം ഒരു വ്യവസായമായി കാണണമെന്നും കൂടുതൽ നിക്ഷേപം കൊണ്ടുവന്ന് സാമ്പത്തിക വളർച്ചയ്ക്ക് ഉപയോഗിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിൽ സ്പിരിറ്റ് ഉത്പാദനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

കൊല്ലം സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് എസ് ജയമോഹൻ; എം വി ഗോവിന്ദൻ ഇന്ന് കൊല്ലത്ത്
സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല എസ് ജയമോഹന് നൽകും. നിലവിലെ ജില്ലാസെക്രട്ടറി എസ് സുദേവൻ ആരോഗ്യ പ്രശ്നങ്ങളാൽ അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് എസ് ജയമോഹന് സെക്രട്ടറിയുടെ ചുമതല നൽകുന്നത്. ഇന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കുന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ എസ് ജയമോഹൻ ചുമതല ഏറ്റെടുക്കും.



